Monday, August 10, 2009

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും തടയാന്‍

2009 ആഗസ്‌ത്‌ 10 തിങ്കളാഴ്‌ച 1184 കര്‍ക്കടകം 25 ഉത്രട്ടാതി 39 ചതുര്‍ഥി 16 ശകാബ്ദം 1931 ശ്രാവണം 19 1430 ശഅബാന്‍ 18

ദശനിയുതശതവയസി ജീര്‍ണമെന്നാകിലും ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്ക നീ - അദ്ധ്യാത്മരാമായണം

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും തടയാന്‍

സംസ്ഥാന ചീഫ്‌സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ നടത്തിയ പ്രസ്‌താവം വ്യക്തമാക്കുന്നത്‌ രാജ്യം കടുത്ത ഭക്ഷ്യ, കാര്‍ഷികപ്രതിസന്ധിയിലേക്കു നീങ്ങുന്നു എന്നാണ്‌. 141 ജില്ലകളില്‍ വരള്‍ച്ചയുണ്ടെന്നും ഇത്‌ കൃഷിയെ ബാധിച്ചത്‌ വിലക്കയറ്റത്തിനിടയാക്കിയേക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 60 ലക്ഷം ഹെക്ടറില്‍ ഇക്കുറി നെല്‍കൃഷി മുടങ്ങിയതായാണ്‌ കണക്കാക്കപ്പെടുന്നത്‌. നിത്യോപയോഗവസ്‌തുക്കളുടെ വിലക്കയറ്റംകൊണ്ട്‌ ജനങ്ങള്‍ വലയാന്‍തുടങ്ങിയിട്ട്‌ മാസങ്ങളായി. അതിനിയും രൂക്ഷമായാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. പൂഴ്‌ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ കര്‍ശനനടപടിയെടുക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ ഏകോപനം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ ക്ഷാമമുണ്ടാകുമ്പോള്‍ പരമാവധി മുതലെടുക്കാന്‍ പൂഴ്‌ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും ശ്രമിക്കുക സ്വാഭാവികമാണ്‌. അധികൃതര്‍ ഉറ്റുശ്രമിച്ചാലേ അവരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകൂ.

ജനങ്ങള്‍ക്ക്‌ അവശ്യവസ്‌തുക്കള്‍ ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കാന്‍ അധികൃതര്‍ക്കു കഴിയണം. പൊതുവിതരണസമ്പ്രദായം ശക്തമാക്കലാണ്‌ അതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഇക്കാര്യത്തില്‍ താരതമ്യേന മെച്ചപ്പെട്ട നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ്‌ കേരളം. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങളും നടപടികളും പൊതുവിതരണസമ്പ്രദായത്തെ ബാധിക്കുന്നുണ്ട്‌. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അത്‌ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം മനസ്സിലാക്കിയത്‌ സ്വാഗതാര്‍ഹമാണ്‌. ഇക്കാര്യത്തിലും കേന്ദ്ര, സംസ്ഥാനങ്ങള്‍ ക്കിടയില്‍ കൂടുതല്‍ ഏകോപനം വേണമെന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്‌. ഓരോ സംസ്ഥാനത്തെയും സ്ഥിതി മനസ്സിലാക്കി, ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നതിലുംമറ്റും കൂടുതല്‍ ഉദാരമായ സമീപനം കേന്ദ്രം സ്വീകരിച്ചാലേ പൊതുവിതരണസംവിധാനം ശക്തവും വ്യാപകവുമാക്കാനാവൂ. വരള്‍ച്ച നേരിടാന്‍ ഇതുവരെ ഒരു സംസ്ഥാനവും സഹായംതേടിയിട്ടില്ലെന്നും ഭക്ഷ്യധാന്യവിളവ്‌ വര്‍ധിപ്പിക്കാനുള്ള പല ഫണ്ടുകളും ചില സംസ്ഥാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇത്തരം വീഴ്‌ചകള്‍ ഒഴിവാക്കുകതന്നെ വേണം. കാലവര്‍ഷം നാശംവിതച്ച കേരളം മതിയായ കേന്ദ്രസഹായം കിട്ടാന്‍ കാത്തിരിക്കുകയാണ്‌. പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ സഹായം നല്‍കുന്നതിന്‌ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്രം ഉറച്ചുനിന്നാല്‍ കേരളത്തിനു വേണ്ടത്ര സഹായംകിട്ടാതെവരും.

ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും സവിശേഷതകള്‍കാരണം, വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന കെടുതികളും കാര്‍ഷികമേഖലയില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും വ്യത്യസ്‌തങ്ങളാണ്‌. ആനിലയ്‌ക്ക്‌, കെടുതികള്‍ക്കു സഹായം അനുവദിക്കുന്നകാര്യത്തിലും ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിനനുസരിച്ച്‌ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദ്രം തയ്യാറായേ മതിയാകൂ. ഭക്ഷ്യധാന്യസംഭരണംകാരണം ആവശ്യത്തിന്‌ കരുതല്‍ശേഖരമുണ്ടെന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌. എന്നാല്‍, വരള്‍ച്ചയും മറ്റ്‌ കെടുതികളും രൂക്ഷമായാല്‍ അത്‌ ഭക്ഷ്യസുരക്ഷയെ ബാധിക്കും. ഇത്തവണ കേന്ദ്രബജറ്റില്‍ കാര്‍ഷികവായ്‌പാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. കാര്‍ഷികോത്‌പാദനം കൂട്ടുന്നതിന്‌ സര്‍ക്കാര്‍തലത്തിലുള്ള ബൃഹല്‍പദ്ധതികളും ആവശ്യമാണ്‌. വരള്‍ച്ചമൂലം മിക്ക വര്‍ഷവും വന്‍കൃഷിനാശമുണ്ടാകുന്നത്‌ ജലസേചനസൗകര്യങ്ങളുടെ അപര്യാപ്‌തതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നാല്‍ അത്‌ മറ്റു പല പ്രശ്‌നങ്ങള്‍ക്കുമിടയാക്കും. കൃഷി രാജ്യത്തെ വലിയൊരുവിഭാഗം ജനങ്ങളുടെ ഉപജീവനമാര്‍ഗമായതിനാല്‍ സ്വാശ്രയത്വത്തിലൂടെയുള്ള ഭക്ഷ്യസുരക്ഷയാണ്‌ ഇന്ത്യക്കാവശ്യം. കാര്‍ഷികരംഗത്തെ സാധ്യതകള്‍ മുഴുവനും കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനുതകുംവിധം പ്രയോജനപ്പെടുത്തുന്നതിനും കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ ഏകോപിതശ്രമം ഉണ്ടാകണം.

No comments:

Post a Comment