മധുരം, സൗമ്യം,ദീപ്തം
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ ജീവിതം ധന്യമാണ്. രാഷ്ട്രീയത്തിനും ആത്മീയതയ്ക്കും, സേവനത്തിലും മാനവികതയിലും അധിഷ്ഠിതമായ മറുപുറമുണ്ടെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. നന്മകള്‍ക്കായി പ്രവര്‍ത്തിക്കുകയും പ്രചാരണം നടത്തുകയുംചെയ്താണ് തങ്ങള്‍ ജനമനസ്സുകള്‍ കീഴടക്കിയത്. മുസ്ലിംലീഗിന്റെ അമരക്കാരനും മുസ്ലിങ്ങളുടെ ആത്മീയനേതാവുമായ അദ്ദേഹം ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെയും സമഭാവനയുടെയും മതസാഹോദര്യത്തിന്റെയും പ്രതീകമായി. പാര്‍ട്ടിയെയും സമുദായത്തെയും നേര്‍വഴിക്കു നയിക്കുന്നതില്‍ ശിഹാ ബ്തങ്ങള്‍ കാണിച്ച അര്‍പ്പണബോധം എല്ലാനിലയ്ക്കും മാതൃകാപരമാണ്. മതപഠനവും ലോകപരിചയവും അന്യരുടെ വിഷമതകള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവും അദ്ദേഹത്തെ അമൂല്യമായ ഒരു പൈതൃകത്തിലെ തിളങ്ങുന്ന കണ്ണിയാക്കി.
മുസ്ലിംലീഗ് നേതാവെന്നനിലയില്‍ പാര്‍ട്ടിയുടെയും ഐക്യജനാധിപത്യമുന്നണിയുടെയും കെട്ടുറപ്പിനുവേണ്ടി നിലകൊണ്ട തങ്ങള്‍ക്ക് സേവനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി, മതഭിന്നതകള്‍ തടസ്സമായില്ല. ഉറച്ച മതവിശ്വാസിയായിരുന്ന അദ്ദേഹം മതസൗഹാര്ദത്തിന്റെയുംസാഹോദര്യത്തിന്റെയും ധീരപ്രചാരകനായി. മതദര്‍ശനത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട ആ മനുഷ്യസ്നേഹിക്ക് ഒരുമയുടെ വഴിയിലൂടെയേ സഞ്ചരിക്കാനാവുമായിരുന്നുള്ളു. വിവിധ മതാനുയായികള്‍ക്കിടയില്‍ സ്പര്‍ധയല്ല, സൗഹാര്‍ദപൂര്‍വമായ സമ്പര്‍ക്കമാണ് വേണ്ടതെന്നും മതത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം വിഭിന്നമതങ്ങള്‍ക്കിടയിലുള്ള മതില്‍ക്കെട്ടുകള്‍ പൊളിച്ചുനീക്കുമെന്നുമുള്ള ഗാന്ധിജിയുടെ വാക്കുകള്‍ അനുസ്മരിപ്പിക്കുന്നതാണ് ഇക്കാര്യത്തില്‍ തങ്ങള്‍ കാണിച്ച മാതൃക. മതനിരപേക്ഷഇന്ത്യയുടെ മനസ്സിനു മുറിവേല്പിച്ചുകൊണ്ട് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ എന്താണുചെയ്യേണ്ടതെന്ന കാര്യത്തില്‍ മുസ്ലിങ്ങളുടെ ഈ ആത്മീയനേതാവിനു തെല്ലും സംശയമുണ്ടായില്ല. ആ സംഭവത്തിലുള്ള നടുക്കവും ദുഃഖവും പ്രതിഷേധവും ഒരിടത്തും അക്രമമായി പുറത്തുവരരുതെന്നാണ് ആ ധീരചിത്തന്‍ ആഹ്വാനംചെയ്തത്.
സ്പര്‍ധയും അക്രമവും ശക്തിയുടെയല്ല, മറിച്ച് ദൗര്‍ബല്യത്തിന്റെ പ്രകടനമാണെന്നറിയാമായിരുന്ന ശിഹാബ് തങ്ങള്‍, സംയമനം പാലിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനു ഫലമുണ്ടായി. സാമുദായികമൈത്രിയോടും സമാധാനത്തോടും തങ്ങള്‍ക്കുള്ള പ്രതിബദ്ധതയ്ക്കും അദ്ദേഹത്തില്‍ അനുയായികള്‍ അര്‍പ്പിച്ച വിശ്വാസത്തിനും തെളിവായിരുന്നു അത്. ഛിദ്രശക്തികളുടെ വെല്ലുവിളികളില്‍നിന്ന് കേരളത്തിനു സംരക്ഷണം നല്‍കുന്നത് സാമുദായികസൗഹാര്ദമെന്ന കോട്ടയാണെന്ന് ശിഹാബ്തങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതിനു വിള്ളല്‍വീഴ്ത്താന്‍ എവിടെനിന്നു ശ്രമമുണ്ടായാലും നേരിട്ട പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ കത്തിനശിച്ചപ്പോഴും മാറാട് സംഭവമുണ്ടായപ്പോഴുമെല്ലാം മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ അദ്ദേഹം കാണിച്ച ആര്‍ജവം മലയാളികള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. നിസ്സാരപ്രശ്നങ്ങള്‍ക്കുപോലും വര്‍ഗീയതയുടെ നിറംകൊടുക്കാനും അതിന്റെപേരില്‍ സംഘര്‍ഷമുണ്ടാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ കരുതിയിരിക്കാന്‍ അദ്ദേഹം എല്ലാവരെയും ഓര്‍മിപ്പിച്ചുപോന്നു
നന്മയുടെ വഴിയിലൂടെമാത്രം അനുയായികളെ നയിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന തങ്ങള്‍ സര്‍വമതക്കാരുടെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമായി. ശിഹാബ്തങ്ങള്‍ വളരുന്തോറും അദ്ദേഹത്തിലെ നന്മയും വളരുകയായിരുന്നു. ത്യാഗം നേട്ടവും താഴ്മ അഭ്യുന്നതിയുമായിക്കണ്ട അദ്ദേഹം തന്റെ ജീവിതം ഒരു സേവനചരിതമാക്കി. പാണ്ഡിത്യവും പദവിയും ബഹുമതികളുമെല്ലാം അദ്ദേഹത്തെ ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുകയാണു ചെയ്തത്. സാധാരണക്കാരെയും ഉന്നതരെയുമെല്ലാം അദ്ദേഹം ഒരേപോലെ കണ്ടു. ആ മനസ്സിന്റെ മഹത്ത്വമറിഞ്ഞ് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്താറുള്ളവരില് വിവിധമതക്കാരും പാര്‍ട്ടിക്കാരും പ്രായക്കാരുമെല്ലാം ഉണ്ടായിരുന്നു. തേടിച്ചെന്നത് സഹായമായാലും സാന്ത്വനമായാലും ഉപദേശമായാലും അത് അവിടെനിന്ന് അവര്‍ക്കു ലഭിച്ചു. ആ വ്യക്തിത്വത്തിനുമുന്നില്‍ എത്രയോ കേസുകള്‍ തീര്‍പ്പായി, വൈരികള്‍ സ്നേഹിതരായി, ആശയറ്റവര് പ്രത്യാശാഭരിതരായി. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എത്രയോ പേര്‍ക്കാണ് ശിഹാബ്തങ്ങളുടെ വാക്കുകള്‍ വഴിവിളക്കായത്. പരാതിക്കാരുടെയും മറ്റു പ്രശ്നങ്ങളാല്‍ വലയുന്നവരുടെയും എണ്ണം എത്ര പെരുകിയാലും തങ്ങള്‍ക്കു വിഷമമില്ല. തന്നാല്‍കഴിയുന്ന സേവനങ്ങള്‍ ഒരു നിയോഗംപോലെ അദ്ദേഹം അനുഷ്ഠിച്ചുകൊണ്ടിരുന്നു.
ഏതു മേഖലയിലായാലും സ്നേഹത്തിന്റെയും അനു രഞ്ജനത്തിന്റെയും വഴിയാണ് തങ്ങള്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാവര്ക്കും ആഹ്ല്ളാദകരമായിരുന്നു. തങ്ങളുടെ വാക്കും പ്രവൃത്തിയും പെരുമാറ്റവും വിയോജിപ്പുള്ളവരെപ്പോലും അദ്ദേഹത്തിന്റെ മിത്രങ്ങളാക്കി. മതത്തിനും പാര്ട്ടിക്കുമപ്പുറത്തേക്ക് വളര്‍ന്ന്, ശിഹാബ്തങ്ങള്‍ സര്വസമ്മതനായിത്തീര്ന്നതിന്റെ കാരണവും മറ്റൊന്നല്ല. നിറകുടം തുളുമ്പുകയില്ല എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍േറത്. പറയേണ്ടതുമാത്രം, ഹൃദയത്തിന്റെ ഭാഷയില്‍, സാധാരണക്കാരുടെ ശൈലിയില്‍, മൃദുസ്വരത്തില്‍ അദ്ദേഹം പറഞ്ഞു. ഹൃദയവിശാലതയും പാണ്ഡിത്യവും ഔചിത്യവുമെല്ലാം സ്ഫുരിക്കുന്നതായിരുന്നു ആ വാക്കുകള്‍. അവ ശ്രോതാക്കളുടെ മനസ്സിലേക്കിറങ്ങിച്ചെന്നു. പൊതുജീവിതത്തില്‍ ത്യാഗമനസ്ഥിതിയും എളിമയും വിശാലവീക്ഷണവുമെല്ലാം കുറഞ്ഞുവരുന്ന ഇക്കാലത്ത് ശിഹാബ്തങ്ങളെപ്പോലുള്ളവരുടെ സാന്നിധ്യം സമൂഹത്തിന് വലിയ ആശ്വാസമായിരുന്നു. അദ്ദേഹം വിടവാങ്ങിയെങ്കിലും ആ സമുന്നതവ്യക്തിത്വം ജനമനസ്സുകളില്‍ എന്നും നന്മയുടെ സൗരഭ്യം പരത്തിക്കൊണ്ടിരിക്കും.
Subscribe to:
Post Comments (Atom)

സര്‍വ്വവിധ ഐശ്വര്യങ്ങളും അവിടത്തെ വിശ്രമ സങ്കേതത്തിലേക്ക് ഇറങ്ങിയൊഴുകട്ടെ.
ReplyDeleteമാഷിന്ടെ തൂലിക: ശിഹാബ് തങ്ങളെന്ന ബദ്ര്
ReplyDeleteആ മഹാന്റെ ഓര്‍മ്മക്കു മുന്പില് ആദരവോടേ!