സ്വാശ്രയരംഗത്തെ വില്ലന്മാര്‍ ക്രൈസ്‌തവസഭകളുള്‍പ്പെടെയുള്ള സമുദായശക്തികളാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഈ രംഗത്ത് ഇപ്പോള്‍ ഗുരുതരമായിരിക്കുന്ന പ്രതികൂലഫലങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത് 'മാര്‍ക്‌സിസ്റ്റ് വിപ്ലവസഭ'യുടെ പ്രവര്‍ത്തനഫലമായാണെന്ന യാഥാര്‍ഥ്യം വിസ്‌മരിക്കപ്പെടരുത്
ഡോ. അജിതന്‍ മേനോത്ത്
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഗുരുതരമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതില്‍ ഒരു പ്രതിനായകന്റെ റോളാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളത്, അഥവാ നാം കല്‌പിച്ചുനല്‍കുന്നത്. ലാഭത്തിലധിഷ്‌ഠിതമായ ഒരു കച്ചവടരംഗമായി നാമതിനെ കുറ്റപ്പെടുത്തുന്നു. അതേസമയം ഈ കച്ചവടത്തില്‍ നാം പങ്കാളികളുമാകുന്നു.
കേരളത്തിലെ വിദ്യാഭ്യാസരംഗം നിയന്ത്രിക്കുന്നതില്‍ സമുദായശക്തികള്‍ക്ക് സ്വാധീനമുണ്ട്. ഒരുനൂറ്റാണ്ട് കഴിഞ്ഞാലും ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. ഈ മേഖലയില്‍ ക്രൈസ്‌തവസഭകള്‍ക്ക് ലേശം മുന്‍തൂക്കവുമുണ്ട്. എന്നാല്‍, ക്രൈസ്‌തവസഭകളുടെ മേല്‍ക്കോയ്‌മ തീവ്രവാദത്തേക്കാള്‍ ഭയാനകമായ ഭീകരതയായി ചിത്രീകരിച്ചുകൊണ്ടുള്ള കെ. അരവിന്ദാക്ഷന്റെ ലേഖനം (ഇത് നമ്മുടെ വിധി -മാതൃഭൂമി, ആഗസ്‌ത് 8) സങ്കുചിതമായ ഒരു വിലയിരുത്തലാണ്. ''മാര്‍ക്‌സിസ്റ്റു വിപ്ലവസഭയേക്കാള്‍ എത്രയോ മടങ്ങ് ശക്തമാണ് ക്രൈസ്‌തവസഭകള്‍'' എന്ന ലേഖകന്റെ നിരീക്ഷണം ഇടതുപക്ഷഫാസിസ്റ്റ് സമീപനത്തെ ലഘൂകരിച്ചുകാണുന്നതിനുള്ള തന്ത്രമാണ്. അധികാരകേന്ദ്രീകരണം സമുദായശക്തികളിലേക്കു ചാര്‍ത്തിക്കൊടുത്ത് ഇടതുപക്ഷ ഭരണവൈകല്യങ്ങളെ വെള്ളപൂശുന്നതിനുള്ള ഗൂഢതന്ത്രമാണോ ഇതെന്ന് സംശയിക്കണം.
സ്വാശ്രയരംഗത്തെ വില്ലന്മാര്‍ ക്രൈസ്‌തവസഭകളുള്‍പ്പെടെയുള്ള സമുദായശക്തികളാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഈ രംഗത്ത് ഇപ്പോള്‍ ഗുരുതരമായിരിക്കുന്ന പ്രതികൂലഫലങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത് 'മാര്‍ക്‌സിസ്റ്റ് വിപ്ലവസഭ'യുടെ പ്രവര്‍ത്തനഫലമായാണെന്ന യാഥാര്‍ഥ്യം വിസ്‌മരിക്കപ്പെടരുത്. ഇടതുപക്ഷഭരണകൂടം അധികാരത്തിലേറിയപ്പോള്‍ ആദ്യ അജന്‍ഡയായി സ്വീകരിച്ചത് സ്വാശ്രയസ്ഥാപനങ്ങളുടെ നിയന്ത്രണമാണ്. ഇതിനായി ഏകപക്ഷീയമായ രാഷ്ട്രീയതീരുമാനം മാത്രമായിരുന്നു സര്‍ക്കാരിന്റെ കൈമുതല്‍. നിയമവിദഗ്‌ധരുടെ ഉപദേശം കൂടാതെയുള്ള നിയമനിര്‍മാണനടപടികളും തീരുമാനങ്ങളും എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകളുടെ അക്രമസമരങ്ങളുമാണ് പ്രശ്‌നം വഷളാക്കിയത്. മാനേജ്‌മെന്റുകളുടെ അധികാരത്തില്‍ കൈകടത്താനുള്ള സര്‍ക്കാരിന്റെ ശ്രമവും വിദ്യാര്‍ഥിസംഘടനയുടെ അടിച്ചുപൊളിസമരവും 'മാര്‍ക്‌സിസ്റ്റ് വിപ്ലവ'മായി അരങ്ങേറിയപ്പോള്‍ സ്വാശ്രയരംഗത്ത് വിപരീതഫലങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയായിരുന്നു. പ്രതികൂലാവസ്ഥയില്‍ നിയമസംരക്ഷണം നേടിക്കൊണ്ട് സ്വന്തം കരുത്ത് വര്‍ധിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് അവസരം ലഭിക്കുകയാണുണ്ടായത്.
ഭരണപക്ഷത്തുനിന്നുപോലും സര്‍ക്കാരിന്റെ സ്വാശ്രയനയത്തിന് തിരിച്ചടിയുണ്ടായത് ഈ സാഹചര്യത്തിലാണ്. 50:50 എന്ന ആന്റണി സര്‍ക്കാരിന്റെ സമീപനം തകിടംമറിയാനിടയായതും ഈ നയവൈകല്യം മൂലമാണ്.
സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ ലാഭക്കൊതി ഒരു യാഥാര്‍ഥ്യം തന്നെയാണ്. മുതല്‍മുടക്കിനുള്ള ലാഭം പ്രതീക്ഷിക്കപ്പെടുന്നത് സ്വാഭാവികം മാത്രം. ഇതില്‍ സമുദായഭേദം കല്‌പിക്കാനാവില്ല. ലാഭതാത്‌പര്യത്തിനിടയില്‍ മാനേജ്‌മെന്റുകള്‍ക്ക് സ്വസമുദായതാത്‌പര്യം പോലും സംരക്ഷിക്കാനാകുമോ എന്ന് സംശയമുണ്ട്. കാരണം പണത്തിന് ജാതിയും മതവുമില്ലല്ലോ. ഏതു സമുദായത്തിലെയും ദരിദ്രവിഭാഗത്തിന് ആശ്രയം റഗുലര്‍ കോളേജുകളും സ്വാശ്രയമേഖലയിലെ മെറിറ്റ് സീറ്റുകളുമാണ്. 50:50 എന്ന അനുപാതം നിലനിര്‍ത്താനായില്ലെങ്കിലും ഇത് മറികടക്കാന്‍ കൂടുതല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിച്ച് മെറിറ്റ് സീറ്റുകളുടെ ആകെ ലഭ്യത വര്‍ധിപ്പിക്കാനാകും. ഇതുവഴി ഈ മേഖലയില്‍ മത്സരക്ഷമത വര്‍ധിപ്പിച്ച് ഫീസ്‌നിരക്കില്‍ അനിവാര്യമായ പരോക്ഷനിയന്ത്രണം കൊണ്ടുവരാനാകും.
എയ്‌ഡഡ് സ്‌കൂള്‍-കോളേജ് അധ്യാപകനിയമനങ്ങള്‍ പി.എസ്.സി.ക്കു വിടണമെന്ന ലേഖകന്റെ വാദം പ്രായോഗികമല്ല. ചരിത്രപരവും സാമൂഹികവുമായ ചില പ്രശ്‌നങ്ങള്‍ ഇതില്‍ അന്തര്‍ലീനമായിട്ടുണ്ട്. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സാഹചര്യത്തില്‍ നിലവിലുള്ള സര്‍ക്കാര്‍നിയന്ത്രണങ്ങള്‍ അല്‍പ്പംകൂടി കര്‍ക്കശമാക്കാവുന്നതേയുള്ളൂ. യു.ജി.സി. സഹായമുള്ള കേന്ദ്രവിദ്യാഭ്യാസ പദ്ധതികള്‍പോലും വെള്ളംചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ ഗുണനിലവാരം, അധ്യാപകരുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍, ശമ്പളസെ്‌കയില്‍ , പെന്‍ഷന്‍പ്രായം, സേവനവ്യവസ്ഥകള്‍ എന്നിവയില്‍ കോളേജ് വിദ്യാഭ്യാസരംഗത്ത് ദേശീയസമീപനവും ഏകോപനവും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
നിലവിലുള്ള എല്ലാ അണ്‍ എയ്‌ഡഡ് സ്ഥാപനങ്ങളുടെയും അംഗീകാരം റദ്ദാക്കുക എന്ന നിര്‍ദേശം യുക്തിക്കു നിരക്കുന്നതല്ല. വിദ്യാഭ്യാസരംഗത്തെ ദേശസാത്‌കരണം ഒരു പാഴ്‌ക്കിനാവാണെന്ന് ആര്‍ക്കാണറിയാത്തത്.
നിലവിലുള്ള സാഹചര്യത്തില്‍ സ്വീകരിക്കപ്പെടേണ്ട ചില പ്രായോഗിക നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഒന്ന്: നിയമവിദഗ്‌ധരുടെ സഹായത്തോടെ നിലവിലുള്ള സ്വാശ്രയനിയമം സമഗ്രമായി പരിഷ്‌കരിക്കുക.
രണ്ട്: സ്വാശ്രയമേഖലയില്‍ മത്സരക്ഷമത വളര്‍ത്തുക, കൂടുതല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ സ്ഥാപിച്ച് മെറിറ്റ് സീറ്റുകളുടെ ലഭ്യത വര്‍ധിപ്പിക്കുകയും ഫീസ്‌നിരക്കുകള്‍ കുറയ്‌ക്കുകയും വേണം. ഇപ്പോള്‍ മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് അല്‍പ്പം കുറച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കൂടുതല്‍പേര്‍ക്ക് ലഭ്യമാകണമെങ്കില്‍ മേല്‍പ്പറഞ്ഞ സമീപനം ആവശ്യമാണ്.
മൂന്ന്:പുതുതായി എന്‍.ഒ.സി. നല്‍കുമ്പോള്‍ സര്‍ക്കാര്‍ സമര്‍ഥമായി ഇടപെട്ട് സൂക്ഷ്‌മമായ നിയന്ത്രണവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുക.
നാല് : വിദ്യാര്‍ഥിപ്രവേശനത്തില്‍ നിലവിലുള്ള മിനിമം മാര്‍ക്ക് ഉയര്‍ത്തിനിശ്ചയിക്കുക. ചുരുങ്ങിയത് 60 ശതമാനം മാര്‍ക്കെങ്കിലുമായി ഇത് ഉയര്‍ത്തണം.
സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനു മാത്രമല്ല ഉള്ളത്. സ്വന്തം വഴി തിരഞ്ഞെടുക്കുവാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുമുണ്ട്. ഏതു വിധേനയും ഡോക്ടറും എന്‍ജിനീയറുമാകണമെന്നുള്ള നിര്‍ബന്ധബുദ്ധി അര്‍ഹതയില്ലാത്തവര്‍ ഉപേക്ഷിക്കണം. സ്വന്തം അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം തിരഞ്ഞെടുക്കാന്‍ നാം തയ്യാറാവണം. പ്ലസ്‌ടുവിന് മുഖ്യവിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്കുപോലും ലഭിക്കാത്തവര്‍ മുന്‍കൂറായി സ്വാശ്രയ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലും മറ്റും പണമടച്ച് സീറ്റ് ഉറപ്പാക്കുന്ന ഏര്‍പ്പാട് ഒഴിവാക്കണം. ആഗോളീകരണകാലത്തെ തൊഴില്‍ലഭ്യതയുടെ വ്യാപ്‌തിയും സാധ്യതകളും മനസ്സിലാക്കി സ്വയം തിരഞ്ഞെടുപ്പ് നടത്താനുള്ള ആര്‍ജവം ഓരോരുത്തരും സ്വീകരിക്കണം. സ്വാശ്രയസ്ഥാപനങ്ങളെയും സമുദായമേധാവികളെയും നിയന്ത്രിക്കുവാന്‍ ഉപഭോക്താക്കളുടെ സ്വയംനിര്‍ണയാവകാശത്തിനും മുഖ്യപങ്കുണ്ട്.
Subscribe to:
Post Comments (Atom)

No comments:
Post a Comment