Wednesday, July 22, 2009

ക്രോധമൂലം മനസ്‌താപമുണ്ടായ്‌ വരും

ലാവലിന്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍

പിണറായിയെ ഏതുവിധേനയും സംരക്ഷിക്കുമെന്ന്‌ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച്‌ കേരളത്തില്‍ വ്യാപകമായ പ്രചാരണത്തിന്‌ പാര്‍ട്ടി തയ്യാറാകുകയാണ്‌. ജനങ്ങളുടെ പണമാണിവിടെ നഷ്‌ടമായിരിക്കുന്നത്‌. അതിലാരാണ്‌ കുറ്റക്കാരെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ടല്ലോ

സി.ആര്‍. നീലകണ്‌ഠന്‍

ഏറെ വര്‍ഷങ്ങളായി കേരളത്തിലെ സി.പി.എമ്മിനകത്ത്‌ നിലനി'ുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം തേടി രണ്ടുദിവസം നീണ്ടുനിന്ന പി.ബി., കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കൊടുവില്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആകെയുണ്ടായത്‌ വി.എസ്‌. അച്യുതാനന്ദന്‌ ഒരു തരംതാഴ്‌ത്തല്‍ മാത്രം. അത്‌ അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍, ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കുറ്റവാളിയല്ലെന്നുള്ള വിശദീകരണം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതുതന്നെയായിരുന്നു.

ഫിബ്രവരി 14ന്‌ പ്രകാശ്‌ കാരാട്ട്‌ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയിരുന്നു. അത്‌ കേന്ദ്രകമ്മിറ്റിയോ പി.ബി.യോ വിഷയം വിശദമായി ചര്‍ച്ചനടത്തിയിട്ടായിരുന്നില്ലെന്ന്‌ ഇപ്പോള്‍ വ്യക്തമായി. കാരണം, ഈ യോഗത്തില്‍ രണ്ടുദിവസവും പ്രധാന ചര്‍ച്ചാവിഷയമായത്‌ ലാവലിന്‍തന്നെയായിരുന്നുവെന്നതാണത്‌. മുമ്പെല്ലാം ഇതൊരു 'കേരളവിഷയം' എന്ന നിലയില്‍ മാത്രം ചര്‍ച്ചചെയ്യപ്പെട്ടതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഈ വിഷയം ഗൗരവമായി പഠിച്ചിരുന്നില്ല.

ലാവലിന്‍ സംബന്ധിച്ച രേഖകളടങ്ങിയ പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പല കേന്ദ്രനേതാക്കള്‍ക്കും നേരിട്ടു നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നടത്തിയ കൂടിക്കാഴ്‌ചകളില്‍ അവര്‍തന്നെ ഇക്കാര്യം സമ്മതിച്ചതുമാണ്‌.

വി.എസ്‌. വീണ്ടും വീണ്ടും ശക്തമായി പ്രശ്‌നം ഉന്നയിക്കുകയും ഒരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തുകയും ചെയ്‌തപ്പോള്‍ മാത്രമാണ്‌ തങ്ങള്‍ ഇത്‌ ഗൗരവമായി പഠിക്കാന്‍ ശ്രമിച്ചത്‌ എന്ന്‌ പല അന്യസംസ്ഥാനനേതാക്കളും പറഞ്ഞു. കേരളത്തില്‍നിന്നുള്ള അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും പിണറായി വിജയന്റെ കൈപ്പിടിയില്‍ ഉള്ളവരായതിനാല്‍ അവരുടെ നിലപാട്‌ എന്താകുമെന്നറിയാന്‍ ബുദ്ധിമുട്ടില്ലല്ലോ.

അതെന്തായാലും പി.ബി.യിലും കേന്ദ്രകമ്മിറ്റിയിലും ലാവലിന്‍ വീണ്ടും സജീവ ചര്‍ച്ചയ്‌ക്ക്‌ വിധേയമായി എന്നതുതന്നെ വലിയൊരു നേട്ടമാണ്‌.

പിണറായിയെ ഏതുവിധേനയും സംരക്ഷിക്കുമെന്ന്‌ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച്‌ കേരളത്തില്‍ വ്യാപകമായ പ്രചാരണത്തിന്‌ പാര്‍ട്ടി തയ്യാറാകുകയാണ്‌. ലാവലിന്‍ കേവലം ഒരു പാര്‍ട്ടി വിഷയമല്ല, പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ചുവെന്ന ഒറ്റക്കാരണത്താല്‍ കേരളത്തിലെ ജനങ്ങള്‍ അതംഗീകരിക്കുമെന്നു കരുതാനുമാവില്ല. ജനങ്ങളുടെ പണമാണിവിടെ നഷ്‌ടമായിരിക്കുന്നത്‌. അതിലാരാണ്‌ കുറ്റക്കാരെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ടല്ലോ. ഈ സാഹചര്യത്തില്‍ ഈ വിഷയം സംബന്ധിച്ച ചില സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്താനാണിവിടെ ശ്രമിക്കുന്നത്‌. പാര്‍ട്ടി നേതൃത്വം ജനാധിപത്യരീതിയില്‍ ഇതിനോട്‌ പ്രതികരിക്കുമെന്ന പ്രതീക്ഷയുണ്ടായതുകൊണ്ടല്ല, പാര്‍ട്ടി അണികളും ജനങ്ങളും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന്‌ തിരിച്ചറിയണമെന്ന പ്രതീക്ഷയോടെയാണ്‌ ഇവ ഉന്നയിക്കുന്നത്‌.

ഒന്ന്‌: ലാവലിന്‍ കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ? കേന്ദ്രകമ്മിറ്റി പുറത്തുവിട്ട പ്രസ്‌താവനയില്‍ ഇതില്ല. ഹൈക്കോടതി വിധിപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം കോണ്‍ഗ്രസ്സും യു.ഡി.എഫും നടത്തിയ ഗൂഢാലോചനയാണോ? കാര്‍ത്തികേയനെതിരെ പുനരന്വേഷണം വേണമെന്ന കോടതി നിലപാടിനെ അംഗീകരിക്കുന്നു പാര്‍ട്ടിയെങ്കില്‍ പിണറായിക്കെതിരായ കുറ്റപത്രം സ്വീകരിച്ച കോടതി നിലപാടിനെയും അംഗീകരിക്കേണ്ടതില്ലേ? പ്രശ്‌നത്തെ വലതുപക്ഷ ഗൂഢാലോചനയാക്കി അവതരിപ്പിച്ച്‌ ഇടതുപക്ഷത്തുള്ളവരെ കൂടെ നിര്‍ത്താനുള്ള കപടതന്ത്രം മാത്രമല്ലേ ഇത്‌? കാര്‍ത്തികേയനു പങ്കുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നല്ലേ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുക?

രണ്ട്‌: കരാര്‍ യു.ഡി.എഫ്‌. ഒപ്പിട്ടതാണെന്നും തങ്ങള്‍ വെറും ഒരനുബന്ധം ചേര്‍ക്കുക മാത്രമാണുണ്ടായതെന്നും പറയുന്നത്‌ തെറ്റല്ലേ? പാരീസില്‍ പോയി കേസ്‌ നടത്തേണ്ടിവരുമായിരുന്നു ഇങ്ങനെ ചെയ്‌തില്ലെങ്കില്‍ എന്നു പറഞ്ഞത്‌ അസത്യമല്ലേ? 1998 ജൂലായില്‍ പിണറായി വിജയന്‍ കാനഡയിലെ ഇ.ഡി.സി.യുമായി വായ്‌പക്കരാര്‍ ഒപ്പിട്ടശേഷം മാത്രമല്ലേ യു.ഡി.എഫിന്റെ കരാര്‍ പ്രാബല്യത്തിലായത്‌? (കണ്‍സള്‍ട്ടന്‍സി കരാര്‍ 13-ാം വകുപ്പ്‌) അന്നുവരെ ഈ കരാര്‍ ലംഘിച്ചാല്‍ ഒരു ആര്‍ബിട്രേഷനും കേസും ഇല്ലായിരുന്നുവെന്നതല്ലേ സത്യം? യു.ഡി.എഫ്‌. കരാര്‍ 24 കോടിയുടേതും എല്‍.ഡി.എഫ്‌. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ? യു.ഡി.എഫ്‌. കരാര്‍ ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ളതും എല്‍.ഡി.എഫ്‌. ഒപ്പിട്ട വായ്‌പക്കരാര്‍ കാനഡയിലെ ഒണ്‍ടേറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ക്കനുസരിച്ചുമല്ലേ? ഈ വ്യവസ്ഥയെ അന്നത്തെ ധനകാര്യവകുപ്പ്‌ ഉദ്യോഗസ്ഥരും മന്ത്രി ടി. ശിവദാസമേനോനും എതിര്‍ത്തിരുന്നില്ലേ? ഒരു പരമാധികാരരാജ്യത്തിനു ചേരാത്ത വ്യവസ്ഥയാണിതെന്ന്‌ ഇവര്‍ ഫയലില്‍ എഴുതിയില്ലേ? അന്താരാഷ്ട്ര കരാറായതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികകാര്യ നിയമവകുപ്പുകളുടെ അഭിപ്രായം തേടണമെന്നിവര്‍ എഴുതിയില്ലേ? ഇതെല്ലാം ചെയ്‌തിരുന്നുവോ?

മൂന്ന്‌: ലാവലിന്‍ കമ്പനി ടെന്‍ഡര്‍ നടപടികള്‍ എടുക്കണമെന്നല്ലേ യു.ഡി.എഫ്‌. കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നത്‌? അവര്‍ക്ക്‌ സാമഗ്രികള്‍ നല്‌കാനുള്ള കരാര്‍ നല്‌കണമെന്ന്‌ യു.ഡി.എഫ്‌. കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നോ?

(അങ്ങനെയെങ്കില്‍ ടെന്‍ഡര്‍ നടപടികള്‍ പറയില്ലല്ലോ) യഥാര്‍ഥത്തില്‍ എല്‍.ഡി.എഫ്‌. ചെയ്‌തത്‌ യു.ഡി.എഫ്‌. കരാറിന്റെ നിഷേധമല്ലേ? ഇ.ഡി.സി.യില്‍നിന്ന്‌ വായ്‌പയെടുത്താല്‍പ്പോലും ആഗോള ടെന്‍ഡര്‍ ഒഴിവാക്കി കാനഡയില്‍ ടെന്‍ഡര്‍ ചെയ്യാമായിരുന്നില്ലേ? ഇതൊന്നുമില്ലെങ്കിലും സാമഗ്രികള്‍ അവയുണ്ടാക്കുന്ന കമ്പനികളില്‍നിന്ന്‌ (ആല്‍സ്‌തോം) നേരിട്ട്‌ വാങ്ങാമായിരുന്നില്ലേ? അങ്ങനെവന്നാല്‍ ലാവലിന്‍ എന്ന 'ഇടനിലക്കാരനെ' ഒഴിവാക്കാമായിരുന്നില്ലേ? ബോഫോഴ്‌സില്‍ സി.പി.എം. ഉന്നയിച്ച ഏറ്റവും പ്രധാന ആരോപണം ഇടനിലക്കാര്‍ വഴി തോക്കുവാങ്ങിയെന്നും അതുമൂലം രാജ്യത്തിന്‌ പണനഷ്‌ടവും (കൂടിയവില, ഏജന്‍സിക്കമ്മീഷന്‍) അഴിമതിയും നടന്നുവെന്നുമല്ലേ? ഇവിടെയും ഇതാകാമായിരുന്നില്ലേ? ഇതിനെല്ലാംപുറമെ ഇതെല്ലാം യു.ഡി.എഫ്‌. കരാറിലുണ്ടെന്നു വാദിച്ചാല്‍ത്തന്നെ, അതൊഴിവാക്കാന്‍ സി.പി.എമ്മിന്‌ ബാധ്യതയില്ലേ? കുറ്റിയാടി പദ്ധതി ഇതുപോലെ നടത്തിയതാണെന്ന ന്യായീകരണത്തിനും അര്‍ഥമില്ല. അതു തെറ്റെങ്കില്‍ അതും അന്വേഷിക്കട്ടെ. (പക്ഷേ, പിണറായി കുടുങ്ങിയപ്പോള്‍ മാത്രം കുറ്റിയാടി പദ്ധതി അന്വേഷിക്കണമെന്ന്‌ തോമസ്‌ ഐസക്കിനു ബോധോദയമുണ്ടായി എന്നത്‌ വിചിത്രമല്ലേ? പദ്ധതി നടപ്പാക്കിയശേഷം രണ്ട്‌ പ്രാവശ്യമായി എട്ടുവര്‍ഷം കേരളം ഭരിച്ചിട്ടും ഒരിക്കലും ഇത്‌ തോന്നാതിരുന്നതെന്തുകൊണ്ട്‌?)

നാല്‌: കരാറിലെ വിലകള്‍ ആരാണ്‌ നിശ്ചയിച്ചത്‌? യു.ഡി.എഫ്‌. കരാറില്‍ ലാവലിന്‍ എഴുതിച്ചേര്‍ത്ത കേവലം ഒരു ഏകദേശ അടങ്കല്‍ മാത്രമായിരുന്നു അത്‌. അത്‌ പരിശോധിക്കണമെന്നും ടെന്‍ഡര്‍ നടത്തി വില കുറയ്‌ക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നില്ലേ? കരാര്‍ ഒപ്പിട്ട്‌ (1997 ഫിബ്രവരി 10) എട്ടുമാസങ്ങള്‍ക്ക്‌ ശേഷമല്ലേ എന്‍.എച്ച്‌.പി.സി.ക്ക്‌ വില പരിശോധനയ്‌ക്കായി നല്‌കിയത്‌? സാങ്കേതിക വിശദാംശങ്ങള്‍ ഇല്ലാത്തതിനാല്‍ അവ നല്‌കാന്‍ എന്‍.എച്ച്‌.പി.സി. ആവശ്യപ്പെട്ടില്ലേ? അത്‌ കെ.എസ്‌.ഇ.ബി.യുടെ കൈവശം ഇല്ലാത്തതിനാല്‍ ലാവലിനോട്‌ ചോദിച്ചപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നവര്‍ പറഞ്ഞില്ലേ? പദ്ധതിയുടെ വില പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ബോര്‍ഡ്‌ എന്‍ജിനീയര്‍ സുബൈദയുടെ നേതൃത്വത്തിലുള്ള സമിതി ഇത്‌ വളരെ ഉയര്‍ന്ന വിലയാണെന്ന്‌ എഴുതിയില്ലേ? ഇക്കാര്യം പൂഴ്‌ത്തിവെക്കുകയായിരുന്നില്ലേ?

അഞ്ച്‌: ഈ വില എല്‍.ഡി.എഫ്‌. കുറച്ചുവെന്നത്‌ അസത്യമല്ലേ? ലാവലിന്‍ ഇട്ട വിലയനുസരിച്ച്‌ നല്‍കേണ്ട നിരവധി സാമഗ്രികള്‍ (ട്രാന്‍സ്‌ഫോര്‍മര്‍, സ്വിച്ച്‌ഗിയര്‍, കേബിള്‍ മുതലായവ) ഇന്ത്യയില്‍നിന്ന്‌ ബോര്‍ഡ്‌ നേരിട്ട്‌ വാങ്ങാന്‍ തീരുമാനിച്ചതിന്റെ വിലക്കുറവല്ലേ ഉണ്ടായത്‌? ടെന്‍ഡര്‍ നടപടികളും പദ്ധതി മേല്‍നോട്ടവും നടത്താത്ത ലാവലിന്‌ കണ്‍സള്‍ട്ടന്‍സി ഫീസായി 17 കോടി രൂപ നല്‍കിയത്‌ അനാവശ്യമല്ലേ? (സി.എ.ജി. ഇത്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.) വിദേശ വിനിമയനിരക്കിലെ മാറ്റംകൂടി പരിഗണിച്ചാല്‍ ഫലത്തില്‍ പലിശനിരക്ക്‌ 18.6 ശതമാനമാണെന്ന്‌ ധനകാര്യ സെക്രട്ടറി ഡോ. അബ്രഹാം എഴുതിയില്ലേ? 14 ശതമാനം നിരക്കില്‍ വായ്‌പ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പവര്‍ ഫൈനാന്‍സിങ്‌ കോര്‍പ്പറേഷന്‍ തയ്യാറായിരുന്നില്ലേ? ആ വായ്‌പയ്‌ക്ക്‌ 3-4 ശതമാനം പലിശ സബ്‌സിഡി നല്‍കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതല്ലേ. 10-11 ശതമാനം പലിശയ്‌ക്ക്‌ യാതൊരു ചരടുകളുമില്ലാതെ ഇന്ത്യയില്‍നിന്ന്‌ വായ്‌പ കിട്ടാനുള്ളപ്പോള്‍ 18.6 ശതമാനത്തിന്‌ ചരടുകളുള്ള വിദേശവായ്‌പയ്‌ക്ക്‌ പോയത്‌ സി.പി.എം. നയത്തിനനുസരിച്ചാണോ?

ആറ്‌: പാര്‍ട്ടിയുടെ സമുന്നതനേതാവായ ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ വിദഗ്‌ധരും വിവിധ സംഘടനാനേതാക്കളുമടങ്ങിയ സമിതിയെ കേരളസര്‍ക്കാര്‍ നിയമിച്ചതല്ലേ? ആ സമിതി വിവിധ പദ്ധതികളെപ്പറ്റിയും ലാവലിന്‍ നല്‍കിയ നിര്‍ദേശങ്ങളെക്കുറിച്ചും വിശദമായി പഠിച്ച്‌ നല്‍കിയ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ ഒരാഴ്‌ചയ്‌ക്കകം ലാവലിനുമായി കരാറൊപ്പിടാന്‍ ധൃതികൂട്ടിയതെന്തിന്‌? ലാവലിന്‍ നിര്‍ദേശിച്ച നവീകരണപ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ യാതൊരു നേട്ടവുമില്ലെന്നും പകരം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭെല്ലില്‍നിന്ന്‌ 100 കോടിക്കുള്ള നവീകരണം നടത്തണമെന്നും വ്യക്തമായി സമിതി നിര്‍ദേശിച്ചതല്ലേ? ഈ നിര്‍ദേശം തള്ളാന്‍ ഏതു പാര്‍ട്ടിക്കമ്മിറ്റിയാണ്‌ തീരുമാനിച്ചത്‌? പി.ബി. അംഗമാണല്ലോ സമിതി ചെയര്‍മാന്‍. ഇപ്പോള്‍ ലെനിനിസ്റ്റ്‌ തത്ത്വങ്ങളെപ്പറ്റി പ്രസംഗിക്കുന്നവര്‍ അന്നിത്‌ മറന്നുപോയോ? കേരളത്തിലെ 'കടുത്ത വൈദ്യുതിക്ഷാമം' പരിഗണിച്ചാണ്‌ തിരക്കിട്ട്‌ തീരുമാനിച്ചതെന്ന്‌ പറയുന്നതിലും അര്‍ഥമില്ല. ഈ കരാര്‍ ഒപ്പിട്ട്‌ 16 മാസം കഴിഞ്ഞു മാത്രമാണ്‌ വായ്‌പക്കരാര്‍ ഒപ്പിട്ടത്‌...! അപ്പോള്‍ തിരക്ക്‌ ലാവലിനുമായുള്ള ഇടപാട്‌ ഉറപ്പിക്കാനായിരുന്നില്ലേ?

ഏഴ്‌: ഈ നവീകരണംകൊണ്ട്‌ അധികവൈദ്യുതോത്‌പാദനം സാധ്യമാവില്ലെന്ന ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ സത്യമാണെന്നു തെളിഞ്ഞില്ലേ? നവീകരണത്തിനുശേഷം വന്‍ ഉത്‌പാദനവര്‍ധനയുണ്ടായെന്ന കള്ളക്കണക്കുകള്‍ പൊളിക്കുന്ന സി.പി.ആര്‍.ഐ. പഠനറിപ്പോര്‍ട്ട്‌ ഇവര്‍ കണ്ടില്ലേ? എല്ലാ രേഖകളും പഠിച്ചശേഷം നവീകരണപദ്ധതി നേട്ടമുണ്ടാക്കിയില്ലെന്ന്‌ 20 പ്രധാന തെളിവുകള്‍ നിരത്തി സി.പി.ആര്‍.ഐ. സ്ഥാപിച്ചില്ലേ? മഴകുറഞ്ഞതിനാലാണ്‌ ഉത്‌പാദനം കുറഞ്ഞതെന്ന ലാവലിന്റെ വിശദീകരണം വന്നപ്പോഴെങ്കിലും 'അധിക ഉത്‌പാദനം' എന്ന കള്ളപ്രചാരണം അവസാനിപ്പിക്കേണ്ടതല്ലേ? പന്നിയാറിലെ തുരുമ്പുപിടിച്ച പെന്‍സ്റ്റോക്കും (വെള്ളം കൊണ്ടുവരുന്ന പൈപ്പ്‌) അതിലെ വാല്‍വുകളും മാറ്റാനെങ്കിലും ലാവലിന്‍ തയ്യാറായിരുന്നെങ്കില്‍ അവിടെ നടന്ന വന്‍ദുരന്തം ഒഴിവാക്കാനാവുമായിരുന്നില്ലേ? നഷ്‌ടപ്പെട്ട മനുഷ്യജീവനുകളെങ്കിലും രക്ഷിക്കാമായിരുന്നില്ലേ?

എട്ട്‌: മന്ത്രിസഭയില്‍നിന്ന്‌ ഒട്ടനവധി കാര്യങ്ങള്‍ മറച്ചുപിടിച്ചുവെന്ന കാര്യം ഇന്നു പകല്‍പോലെ വ്യക്തമായില്ലേ? 1997 ഫിബ്രവരി 10ന്‌ ലാവലിനുമായി കരാര്‍ ഒപ്പിട്ട കാര്യം 1998 ജനവരിയില്‍ ചേര്‍ന്ന മന്ത്രിസഭയെപ്പോലും അറിയിച്ചില്ല. പദ്ധതി നടപ്പാക്കിയാല്‍ 98 കോടിയുടെ ഗ്രാന്റ്‌ കിട്ടുമെന്ന്‌ ഉറപ്പാണെന്ന്‌ മന്ത്രിസഭയെ ബോധ്യപ്പെടുത്തിയില്ലേ? (എന്നാല്‍, ഗ്രാന്റിനുള്ള കരാര്‍ ഇതോടൊപ്പം തയ്യാറാക്കണമെന്ന ബോര്‍ഡ്‌ സെക്രട്ടറി ശ്രീമതി വിശ്വമണിയുടെ നിര്‍ദേശം മന്ത്രിസഭയെ അറിയിച്ചതുമില്ല.)

1995-ല്‍ത്തന്നെ ധാരണാപത്രം റൂട്ട്‌ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതും ലാവലിന്‍ നിരക്കുകള്‍ വളരെ ഉയര്‍ന്നതാണെന്ന സുബൈദ കമ്മിറ്റി കണ്ടെത്തലും സോപാധികമായാണ്‌ എന്‍.എച്ച്‌.പി.സി. വില അംഗീകരിച്ചതെന്ന കാര്യവും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും കരാര്‍വ്യവസ്ഥകള്‍ക്കെതിരായി ധനകാര്യവകുപ്പ്‌ എഴുതിയ കാര്യങ്ങളുമടക്കം നിരവധി കാര്യങ്ങള്‍ മറച്ചുവെച്ചു. ആ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത അന്നത്തെ ചീഫ്‌ സെക്രട്ടറി സി.പി. നായരും മന്ത്രിസഭാകുറിപ്പ്‌ തയ്യാറാക്കിയ സുധീര്‍ ചന്ദ്രനും ഇക്കാര്യങ്ങള്‍ സി.ബി.ഐ.ക്ക്‌ മൊഴി നല്‌കിയിട്ടില്ലേ?

ഒന്‍പത്‌: പിണറായി നേരിട്ട്‌ പണം വാങ്ങിയെന്നതിനു തെളിവില്ലെന്ന വാദം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ളതല്ലേ? വിവരങ്ങള്‍ മറച്ചുപിടിച്ചതും ഈ പദ്ധതിക്കായി ഗൂഢാലോചന നടത്തിയതും വ്യക്തമായി തെളിഞ്ഞിരിക്കുകയല്ലേ? നേരിട്ട്‌ പണം വാങ്ങിയതിനു തെളിവുണ്ടെങ്കില്‍ മാത്രമേ പ്രതിയാക്കപ്പെടാവൂ എന്നുണ്ടെങ്കില്‍ ബ്രഹ്മപുരം കേസില്‍ സി.വി. പത്മരാജനോ ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്‌ണപിള്ളയോ പാമോലിന്‍ കേസില്‍ കെ. കരുണാകരനോ പ്രതികളാക്കപ്പെടില്ല.

സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ പണം ചെലവഴിക്കുമ്പോള്‍ നാടിനു നഷ്‌ടം വരുത്തുന്നരീതിയില്‍ തീരുമാനമെടുക്കുന്ന അധികാരികള്‍, ക്രമക്കേടു നടത്തിയെന്നു കണ്ടെത്തിയാല്‍ അവരെ പ്രതികളാക്കണമെന്നതാണ്‌ നിയമം. അതനുസരിച്ച്‌ മറ്റുള്ളവരെപ്പോലെ പിണറായിയും പ്രതിതന്നെയാണ്‌. പിണറായി ഒരു കമ്യൂണിസ്റ്റ്‌ നേതാവാണെന്നത്‌ പ്രശ്‌നത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നില്ലേ? മറ്റു നേതാക്കള്‍ തങ്ങളുടെ നേരെയുള്ള അഴിമതിയാരോപണങ്ങളെ നേരിട്ട ജനാധിപത്യരീതിയിലെങ്കിലും പിണറായിയും പാര്‍ട്ടിയും പ്രതികരിക്കേണ്ടതായിരുന്നില്ലേ? അതിനു പകരം പ്രശ്‌നം ഉന്നയിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കാനും അവരെ പാര്‍ട്ടി സംഘടന ഉപയോഗിച്ച്‌ ശിക്ഷിക്കാനും ശ്രമിച്ചതു ശരിയോ? സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ സി.ബി.ഐ. അന്വേഷണം തടയാന്‍ കേസ്‌ വാദിച്ചത്‌ തെറ്റായിരുന്നില്ലേ?

പത്ത്‌: മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റിനുള്ള ധാരണാപത്രം എല്‍.ഡി.എഫ്‌. അധികാരത്തിലിരുന്ന മൂന്നുവര്‍ഷവും കരാറാക്കി മാറ്റാതിരുന്നതെന്തുകൊണ്ട്‌? പൊക്രാന്‍ സ്‌ഫോടനമാണ്‌ കാരണമെന്ന വാദം ബാലിശമല്ലേ? സ്‌ഫോടനം നടന്നതിനുശേഷമല്ലേ വായ്‌പക്കരാര്‍ ഒപ്പിട്ടത്‌? അതിനില്ലാത്ത തടസ്സം ഗ്രാന്റ്‌ കരാറിനുണ്ടായതെങ്ങനെ? കരാറുണ്ടാക്കാന്‍ ഇടതുസര്‍ക്കാര്‍ എന്തു നടപടികളാണ്‌ സ്വീകരിച്ചത്‌? ധാരണാപത്രം ഓരോതവണയും പുതുക്കാന്‍ വരുമ്പോള്‍ വെള്ളം ചേര്‍ത്തിരുന്നുവെന്ന വൈദ്യുതിമന്ത്രി എസ്‌. ശര്‍മയുടെ നിലപാട്‌ പാര്‍ട്ടി കണ്ടില്ലേ? ലാവലിന്‍ ഇടപാടില്‍ ഗ്രാന്റ്‌ കിട്ടാത്തതിനു കാരണം യു.ഡി.എഫാണെന്ന വാദത്തിന്‌ എന്തടിസ്ഥാനമുണ്ട്‌? മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ലാവലിന്‍ നല്‌കാമെന്നേറ്റിരുന്നത്‌ 12 കോടി രൂപയാണെന്നും അത്‌ നല്‌കിക്കഴിഞ്ഞുവെന്നും കാനഡയിലെ ഹൈക്കമ്മീഷണര്‍ 2005-ല്‍ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ എഴുതിയ കത്ത്‌ നിങ്ങള്‍ കണ്ടില്ലേ? ഇതു സത്യമെങ്കില്‍ 98 കോടി ഗ്രാന്റ്‌ എന്നത്‌ പൊള്ളയായ വാഗ്‌ദാനം മാത്രമായിരുന്നില്ലേ? ഇവിടെ ചതിച്ചത്‌ ലാവലിനോ അതോ വായ്‌പ വാങ്ങാനും ലാവലിനു സപ്ലൈ കരാര്‍ നല്‌കാനും തയ്യാറായ എല്‍.ഡി.എഫ്‌. സര്‍ക്കാറോ? ഇതറിയാന്‍ ജനങ്ങള്‍ക്കവകാശമില്ലേ?

പതിനൊന്ന്‌: കാന്‍സര്‍ സെന്ററിനു നല്‌കിയെന്ന്‌ ലാവലിന്‍ പറയുന്ന പണം എങ്ങനെയാണ്‌ വന്നത്‌? ബോര്‍ഡിനു നലേ്‌കണ്ട പണം എങ്ങനെ ഒരു സ്വകാര്യ സ്ഥാപനമായ ടെക്‌നിക്കാലിയയ്‌ക്കു നല്‌കി? സര്‍ക്കാര്‍ പണം സ്വീകരിക്കാനും സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണം നടത്താനും ആരാണ്‌ ടെക്‌നിക്കാലിയയെ ചുമതലപ്പെടുത്തിയത്‌? ബോര്‍ഡാണോ? സര്‍ക്കാറാണോ? കാന്‍സര്‍ സെന്റാണോ? ലാവലിന്‍ ഈ പണം നല്‌കിയതിന്‌ എന്തു രേഖയാണ്‌ സര്‍ക്കാര്‍ വശമുള്ളത്‌? ടെക്‌നിക്കാലിയയുടെ ബാങ്ക്‌ അക്കൗണ്ട്‌ പരിശോധിച്ച സി.ബി.ഐ. കണ്ടെത്തിയത്‌ ലാവലിനില്‍നിന്ന്‌ അവര്‍ക്കു കിട്ടിയത്‌ ഒരു കോടിയില്‍ താഴെ രൂപ മാത്രമാണെന്നല്ലേ? ബാക്കി എങ്ങനെ വന്നു? കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണകാലത്ത്‌ ഇതൊന്നന്വേഷിക്കാന്‍ പോലും ഇടതു സര്‍ക്കാര്‍ (പാര്‍ട്ടിയെങ്കിലും) തയ്യാറാകാതിരുന്നതെന്തുകൊണ്ട്‌?

പന്ത്രണ്ട്‌: ഗ്രാന്റ്‌ തുക പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നുള്ള പാര്‍ട്ടി നേതാക്കളുടെ പ്രസ്‌താവന അസത്യമല്ലേ? 30 രേഖകളെങ്കിലും പറയുന്നത്‌ ഈ ഗ്രാന്റ്‌ നവീകരണപദ്ധതിയുടെ ഭാഗമാണെന്നല്ലേ? ഗ്രാന്റ്‌ തുകയുള്ളതുകൊണ്ട്‌ മാത്രമല്ലേ, ലാവലിന്‍ വില സ്വീകാര്യമാണെന്ന്‌, പരിഗണിക്കാമെന്ന്‌ എന്‍.എച്ച്‌.പി.സി. പറഞ്ഞത്‌. ഇപ്പോള്‍ ഇങ്ങനെ പറയുന്നത്‌ തടി രക്ഷിക്കാന്‍ മാത്രമല്ലേ?

പതിമ്മൂന്ന്‌: സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങളുടെയെല്ലാം ലംഘനമല്ലേ ഈ ഇടപാട്‌? ടെന്‍ഡറില്ല, ഏജന്‍സി വഴി സാമഗ്രികള്‍ വാങ്ങി, കൂടിയ പലിശയും നിരവധി സാമ്രാജ്യത്വചരടുകളുമുള്ള വായ്‌പ സ്വീകരിച്ചു, പുതിയ പദ്ധതികള്‍ ലാവലിനു നല്‌കാമെന്ന്‌ മുന്‍കൂര്‍ സമ്മതിച്ചു, വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയും സ്വകാര്യവൈദ്യുതി പദ്ധതികളും തത്ത്വത്തില്‍ അംഗീകരിച്ചു, സിഡയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന്‌ സമ്മതിച്ചു, ഇതിന്റെ തുടര്‍ച്ചയായി വൈദ്യുതി പരിഷ്‌കാരങ്ങള്‍ക്കുള്ള ഏഷ്യന്‍ വികസന ബാങ്ക്‌ വായ്‌പയ്‌ക്ക്‌ വഴിവെച്ചു, ഇവയ്‌ക്കുവേണ്ടി ഗൂഢാലോചന നടത്തി... (ഇതേ കാലത്തുതന്നെയാണ്‌ കണ്ണൂരില്‍ എന്റോണ്‍ താപനിലയം സ്ഥാപിക്കാന്‍ ശ്രമിച്ചതും പാര്‍ട്ടി നേതൃത്വവും ജനങ്ങളും ഇടപെട്ട്‌ അതു തടഞ്ഞതും.) ഇതെല്ലാം തെളിഞ്ഞിട്ടും പിണറായി കുറ്റക്കാരനല്ലെന്ന്‌ പറയുകയാണ്‌ പാര്‍ട്ടി... എങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ മാറിയെന്ന്‌ തുറന്നു പ്രഖ്യാപിക്കാനുള്ള സത്യസന്ധത കാട്ടുകയെങ്കിലും വേണം.

Sunday, July 12, 2009

കേരളത്തിലെ വിദ്യഭ്യാസ പരിഷ്ക്കാരങ്ങള്‍

സംസ്ഥാനത്തിന്‌ ആവശ്യമായ, പൊതുസമൂഹം ആവശ്യപ്പെടുന്ന സേവനം എന്താണെന്ന്‌ മനസ്സിലാക്കി അത്‌ ലഭ്യമാകുന്ന തരത്തില്‍ യുവമാനവവിഭവശേഷിയെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും വേണം. അതെന്താണെന്നും അതിനുള്ള മാര്‍ഗം എന്താണെന്നും ദീര്‍ഘദൃഷ്‌ടിയോടെ മനസ്സിലാക്കുകയും അതിന്‌ അനുസൃതമായ പാഠങ്ങളും പാഠ്യപദ്ധതിയുമായി മുന്നോട്ടു പോവുകയും വേണം.

ഡോ.ജി.പ്രഭ
(പ്രൊഫസര്‍, ലയോള കോളജ്‌, ചെന്നൈ)

ഈ വേനലവധിക്ക്‌ നാട്ടില്‍ പോയി സാധാരണയെന്നോണം തലസ്ഥാനനഗരിയിലൂടെ യാത്ര ചെയ്യേണ്ടിവന്നു; പല പ്രാവശ്യം. ഒരു ദിവസം ബസ്സില്‍ പാളയംവഴി പോകുമ്പോള്‍ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ ഭൂഗര്‍ഭപാത (സബ്‌വേ) കണ്ടിട്ട്‌ സുഹൃത്തിനോടു പറയുന്നുണ്ടായിരുന്നു, ''ഏഷ്യയിലെ ഏറ്റവും വലിയ സബ്‌വേയാ ഇത്‌.'' സുഹൃത്തുക്കള്‍ തമ്മിലുള്ള തമാശപറച്ചിലായിരിക്കുമെന്നാണ്‌ ആദ്യം കരുതിയത്‌. പക്ഷേ, അങ്ങനെയായിരുന്നില്ല. ഞാന്‍ ആ യാത്രക്കാരനെ വിസ്‌മയത്തോടെ നോക്കി. എന്നിട്ടു ചോദിച്ചു: ''ഇങ്ങനെ ആരാ പറഞ്ഞത്‌?''

''ഈ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തപ്പോ പ്രസംഗിച്ച നേതാക്കളൊക്കെ അങ്ങനെയാ പറഞ്ഞത്‌''-ഇതായിരുന്നു അയാളുടെ മറുപടി.

നേതാക്കളായാലും അല്ലേലും ആരോ അങ്ങനെ പറഞ്ഞു. അതാണ്‌ ശരിയെന്ന്‌ പാവം ആ നാട്ടുകാരന്‍ വിശ്വസിച്ചു. ആര്‍ക്കും ദോഷമില്ല. പാവം ജനങ്ങളെ നിര്‍ദോഷകരമായ ഒരു പറ്റിക്കല്‍! ഇതുപോലൊരു പറ്റിക്കലല്ലേ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ്‌ ചെയര്‍മാന്‍ 'മാതൃഭൂമി'യിലെഴുതിയ ലേഖനവും എന്നു തോന്നിപ്പോയി, പല കാര്യങ്ങളിലും.

ലേഖനം ഇങ്ങനെയാണ്‌ തുടങ്ങുന്നത്‌: ''കേരളത്തിലെ എല്ലാ സര്‍വകലാശാലകളും ഈ വര്‍ഷം കോഴ്‌സ്‌ ക്രെഡിറ്റ്‌ സമ്പ്രദായവും സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും ഡിഗ്രിതലത്തില്‍ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കയാണ്‌.... ഈ പരിഷ്‌കാരം ആദ്യമായി നടപ്പാക്കുന്നത്‌ ഒരുപക്ഷേ, കേരളത്തിലായിരിക്കും.''

തൊട്ടടുത്ത ഖണ്ഡികയില്‍ ഇങ്ങനെയും പറയുന്നു: ''കോഴ്‌സ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും പുതിയ ആശയങ്ങളല്ല. പാശ്ചാത്യരാജ്യങ്ങളില്‍ പരക്കെ പ്രചാരമുള്ളതും ഇന്ത്യയില്‍ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കിവരുന്നതുമാണ്‌.''

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കിവരുന്നതാണ്‌ ഈ പരിഷ്‌കാരമെന്നു പറയുകയും അതോടൊപ്പം കേരളമായിരിക്കും ആദ്യമായി നടപ്പാക്കുന്നത്‌ എന്ന്‌ അവകാശവാദമുന്നയിക്കുകയും ചെയ്യുന്നതിലെ ആശയവൈരുധ്യം നമുക്കു മറക്കാം. പാളയത്തെ സബ്‌വേയാണ്‌ ഏഷ്യയിലെ ഏറ്റവും വലിയ സബ്‌വേ എന്നു സമ്മതിക്കുന്നതുകൊണ്ട്‌ ആര്‍ക്കും ദോഷമൊന്നുമില്ലല്ലോ!

പക്ഷേ, യാഥാര്‍ഥ്യം അതല്ല. സെമസ്റ്റര്‍ സിസ്റ്റവും ഗ്രേഡിങ്ങും ക്രെഡിറ്റുമെല്ലാം എത്രയോ കാലം മുന്‍പുതന്നെ ഇന്ത്യയിലെന്നല്ല, കേരളത്തിന്റെതന്നെ തൊട്ടടുത്ത സംസ്ഥാനങ്ങളിലെ സാധാരണ കോളേജുകളില്‍പ്പോലും വളരെ മികച്ച രീതിയില്‍ നടപ്പാക്കിയിരിക്കുന്നു. ഇതിനൊരു ഉദാഹരണമാണ്‌ ചെന്നൈ ലയോള കോളേജിലെ പഠന - പാഠ്യപദ്ധതികള്‍. ഇപ്പോള്‍ ഇതിനപ്പുറം എന്തൊക്കെയാവാം എന്ന ചര്‍ച്ചയിലും വിശകലനത്തിലുമാണ്‌ കോളേജ്‌ ഫാക്കല്‍റ്റിയും മാനേജ്‌മെന്റും വിദ്യാര്‍ഥികളും രക്ഷിതാക്കളും തൊഴില്‍ദാതാക്കളും പൂര്‍വവിദ്യാര്‍ഥികളും. ഇവരെല്ലാമടങ്ങിയ പ്രത്യേക കൂട്ടായ്‌മ (സമിതി)യുടെ നിരന്തരചര്‍ച്ചകളിലൂടെയാണ്‌ ഇവിടെ വിദ്യാഭ്യാസപരിഷ്‌കരണങ്ങളെല്ലാം ഉരുത്തിരിയുന്നത്‌.

പരിഷ്‌കാരത്തിനുവേണ്ടിയുള്ള പരിഷ്‌കാരമല്ല ഇവിടെ നടക്കുന്നത്‌. വിദ്യാഭ്യാസ പരിഷ്‌കരണമെന്നത്‌ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലൂടെയോ മറ്റേതെങ്കിലും രാഷ്ട്രീയസമിതിയിലൂടെയോ ഉണ്ടാകുന്നതല്ല. നിരന്തരമായ പ്രക്രിയയാണ്‌ വിദ്യാഭ്യാസപരിഷ്‌കാരം. കലാലയങ്ങള്‍ക്കുള്ളിലെ ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസരിച്ചല്ല പരിഷ്‌കാരങ്ങള്‍ ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും. മറിച്ച്‌ കാലഘട്ടവും ബാഹ്യസമൂഹവും ആവശ്യപ്പെടുന്നതിനനുസരിച്ചാണ്‌ വിദ്യാഭ്യാസമേഖലയില്‍ മാറ്റങ്ങളുണ്ടാവേണ്ടത്‌. അവിടെ രാഷ്ട്രീയഇടപെടലുകള്‍ക്ക്‌ സ്ഥാനമില്ല. പകരം സമൂഹനന്മയ്‌ക്കും പുരോഗതിക്കും മാത്രമേ സ്ഥാനമുള്ളൂ. പക്ഷേ, നമ്മുടെ സ്ഥിതി ഇതിനു വിപരീതമാണല്ലോ.

രാഷ്ട്രം ആവശ്യപ്പെടുന്ന രീതിയില്‍ യുവമാനവവിഭവശേഷിയെ പഠിപ്പിച്ചും പരിശീലിപ്പിച്ചും വാര്‍ത്തെടുക്കുന്ന തൊഴില്‍ശാലകളാണ്‌ കലാലയങ്ങള്‍. അങ്ങനെയല്ലെങ്കില്‍ അഭ്യസ്‌തവിദ്യരായ തൊഴില്‍രഹിതരെന്ന ഉത്‌പന്നത്തെ മാത്രമേ കലാലയങ്ങളായ തൊഴില്‍ശാലകള്‍ക്ക്‌ ഉത്‌പാദിപ്പിക്കാനാവൂ.

ഒരു ഉദാഹരണം: ഹുണ്ടായ്‌ കമ്പനിയുടെ ഒരു നിര്‍മാണശാല ചെന്നൈയ്‌ക്കടുത്ത്‌ പ്രവര്‍ത്തനമാരംഭിച്ചു. ആ കമ്പനിക്ക്‌ ഒട്ടേറെ ജോലിക്കാരെ (പലതരത്തിലും തലത്തിലുമുള്ള) ആവശ്യമായിവന്നു. അടിസ്ഥാനപരിജ്ഞാനമെങ്കിലും ഇല്ലാത്തവരെ കമ്പനിക്ക്‌ ആവശ്യമില്ല. കമ്പനി നഗരത്തിലെ മികച്ച കോളേജുകളെ സമീപിച്ചു. അവരുടെ ആവശ്യം അധികൃതരെ അറിയിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ ചില പ്രത്യേക വിഷയങ്ങളില്‍ സാങ്കേതികജ്ഞാനം നേടാനാവുന്നവര്‍ക്കു കമ്പനി ജോലി നല്‍കുമെന്ന്‌ കരാറുണ്ടാക്കുന്നു. അവര്‍ക്കാവശ്യമുള്ള അടിസ്ഥാനവിജ്ഞാനത്തെക്കുറിച്ച്‌ കോളേജ്‌ ഫാക്കല്‍റ്റിയുമായി ചര്‍ച്ച നടക്കുന്നു. അതുവഴി പാഠങ്ങളും പാഠ്യപദ്ധതികളും തയ്യാറാവുന്നു. ഇതു പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വേണ്ടതായ ഇതര സാങ്കേതികസൗകര്യങ്ങളെക്കുറിച്ചും കമ്പനി ഉറപ്പുവരുത്തുന്നു. ആവശ്യമെങ്കില്‍ കോളേജിന്‌ മുന്‍കൂട്ടി ഫണ്ടും അനുവദിക്കുന്നു.

ഇത്തരത്തിലുള്ള സമ്മര്‍ദവും തൊഴില്‍സാധ്യതകളുമാണ്‌ പുതിയ കോഴ്‌സുകള്‍ക്ക്‌ വഴിയൊരുക്കുന്നത്‌. ചെറിയൊരു ഉദാഹരണം മാത്രമാണിത്‌. എല്ലായിടത്തും ഇതു സാധിച്ചെന്നുവരില്ല. പക്ഷേ, കാലവും പ്രദേശവും സാഹചര്യവുമൊക്കെ ആവശ്യപ്പെടുന്നതനുസരിച്ച്‌ മറ്റു രൂപങ്ങളില്‍ ചെറുതായിട്ടാണെങ്കില്‍പ്പോലും ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇതൊന്നും നടക്കില്ലെന്ന്‌ ഉറപ്പാണ്‌.

വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്താനുതകുന്ന ഒരു തൊഴില്‍സാഹചര്യം കേരളത്തിനുണ്ടോ? ഇന്ത്യയിലെ മറ്റേത്‌ സംസ്ഥാനത്തേക്കാളും ഇത്തരമൊരു സാഹചര്യം വളര്‍ത്തിയെടുക്കാനാവുമായിരുന്നത്‌ ഇടതുപക്ഷത്തെ മനം മറന്ന്‌ സ്വീകരിച്ച കേരളത്തിനായിരുന്നു. പക്ഷേ, ദീര്‍ഘവീക്ഷണമില്ലായ്‌മയും സങ്കുചിതമായ രാഷ്ട്രീയലാക്കും ജാതിമത വിലപേശലുകള്‍ക്ക്‌ അടിമപ്പെട്ട ആന്ധ്യവും കാരണം ഇടതുപക്ഷവും വലതുപക്ഷവും ഇത്തരമൊരു വിദ്യാഭ്യാസസാഹചര്യത്തെ കുളിപ്പിച്ച്‌ ചുവപ്പുപട്ടണിയിച്ചു. എന്തിന്‌ സര്‍വകലാശാലകളുടെ അക്കാദമിക്‌ സ്വാതന്ത്ര്യത്തില്‍പ്പോലും താത്‌കാലികമായെത്തുന്ന ഉന്നത കൗണ്‍സിലുകള്‍ കത്തിവെക്കുന്നു. അതും സഹിച്ച്‌ വൈസ്‌ ചാന്‍സലര്‍മാര്‍പോലും മിണ്ടാതിരിക്കുന്നു!

പുതിയ പരിഷ്‌കാരം വരുന്നതോടെ 30 മുതല്‍ 40 വരെ കോഴ്‌സുകള്‍ ആറ്‌ സെമസ്റ്ററുകളിലായി പഠിക്കാന്‍ അവസരം കിട്ടുമെന്ന്‌ വൈസ്‌ചെയര്‍മാന്‍ പറയുന്നു. പുതിയ പരിഷ്‌കാരം വിദ്യാര്‍ഥികളുടെ പഠനചക്രവാളം വിപുലപ്പെടുത്തുമെന്നത്‌ നല്ലകാര്യം. പക്ഷേ, ഇത്തരം കോഴ്‌സുകളിലൂടെ വിദ്യാര്‍ഥികള്‍ ആര്‍ജിക്കുന്ന വിഭവശേഷിയെ ശരിയായ രീതിയില്‍ നമുക്ക്‌ ഉപയോഗിക്കാന്‍ സാധിക്കുമോ? അതിനുള്ള മേഖലകള്‍ കേരളമെന്ന കൊച്ച്‌ ആവാസഭൂമിയില്‍ ഉണ്ടോ? തൊഴില്‍ മേഖലയേയില്ലാത്ത കാര്‍ഷികാഭിവൃദ്ധിക്കിടമില്ലാത്ത ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരാവാസകേന്ദ്രമായ കേരളം തൊഴില്‍കൊണ്ടല്ലെങ്കിലും പുതിയ പുതിയ കോഴ്‌സുകളിലൂടെയും അത്‌ പഠിച്ചിറങ്ങുന്ന തൊഴില്‍രഹിതരിലൂടെയും സമ്പന്നമാകട്ടെ.

മറ്റൊരു കാര്യവും ഇവിടെ പ്രസക്തമാണ്‌. 30 മുതല്‍ 40 വരെ കോഴ്‌സുകള്‍ ആറ്‌ സെമസ്റ്ററുകള്‍കൊണ്ട്‌ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം ഉണ്ടാകുമെന്നാണല്ലോ പറയുന്നത്‌. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക്‌ ലഭ്യമാകുന്നത്‌ വളരെ നല്ലകാര്യംതന്നെ. പക്ഷേ, കേരളത്തിലെ ഏത്‌ കോളേജിനാണ്‌ ഇത്തരം വൈവിധ്യമേറിയ കോഴ്‌സുകള്‍ ഫലപ്രദമായി നടപ്പിലാക്കാനാവുക? ഏതെങ്കിലും ഒരു കോളേജിനെങ്കിലും ഇതിനുവേണ്ട അധ്യാപകരോ അധ്യാപകേതര സൗകര്യങ്ങളോ ഉണ്ടോ? വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാതൃവിഭാഗങ്ങളുണ്ടോ?

ഏതാണ്ട്‌ രണ്ടുഡസനിലധികം ശക്തമായ കോര്‍ സബ്‌ജക്ട്‌ ഡിപ്പാര്‍ട്ടുമെന്റുകളുള്ള ലയോള (ചെന്നൈ) പോലുള്ള സ്ഥാപനങ്ങള്‍പോലും ഇക്കാര്യത്തില്‍ കടുത്ത വെല്ലുവിളിയാണ്‌ നേരിടുന്നത്‌. (എല്ലാ കാര്യങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജാണ്‌ ലയോളയെന്ന്‌ ഓര്‍ക്കണം) ഇതിനും ലേഖകന്‍ പോംവഴി പറയുന്നുണ്ട്‌-''എല്ലാ ഭൗതികസൗകര്യങ്ങളും ഒത്തിണങ്ങിയശേഷം മാത്രം പരിഷ്‌കാരം നടപ്പാക്കാമെന്ന്‌ വാശിപിടിച്ചാല്‍ പരിഷ്‌കാരം ഒരിക്കലും നടപ്പാക്കാന്‍ സാധിച്ചുവെന്നുവരില്ല''-ഇതും ശരിയാണ്‌. പക്ഷേ, 30ഉം 40ഉം കോഴ്‌സുകളുണ്ടാക്കുകയും (അതും ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസിന്റെയോ അക്കാദമിക്‌ കൗണ്‍സിലിന്റെയോ അറിവില്ലാതെ!) വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച്‌ പഠിക്കാന്‍ അനുവദിക്കുകയും ചെയ്‌തിട്ട്‌ പഠിപ്പിക്കാന്‍ അധ്യാപകരും മറ്റു സൗകര്യങ്ങളും ഇല്ലെന്നായാല്‍ പരിഷ്‌കാരം നടപ്പിലാവുമോ അതോ നടക്കാതാവുമോ? ഇത്‌ വിദ്യാര്‍ഥികളോടും സമൂഹത്തോടും ചെയ്യുന്ന കടുത്ത അനീതിയല്ലേ? മിക്കവിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ പരിണതിയും ഇത്തരത്തില്‍ പ്രതിലോമമായിരുന്നില്ലേ?

അഥവാ ഇപ്പോഴുള്ള സൗകര്യങ്ങള്‍വെച്ച്‌ ഈ പരിഷ്‌കാരങ്ങളൊക്കെ ആവാമെന്ന്‌ കരുതുക. ഇപ്പോഴുള്ള അധ്യാപകരുടെ ജോലിഭാരം ഗണ്യമായി കൂടും. അധ്യാപനത്തിലുപരി അധ്യാപനേതര ജോലികളും ധാരാളമുണ്ടാവും. കോഴ്‌സുകളുടെ എണ്ണം കൂടുമ്പോള്‍ പരീക്ഷകളുടെ എണ്ണവും കൂടുന്നു. കൃത്യമായ ചോദ്യാവലി ഉണ്ടാക്കുക, പരീക്ഷ നടത്തുക, മൂല്യനിര്‍ണയം ചെയ്യുക എന്നിങ്ങനെ പല ജോലികളും. പഴയ വര്‍ഷാന്ത്യപ്പരീക്ഷയ്‌ക്കുപകരം ഓരോ സെമസ്റ്ററിലും പരീക്ഷയുണ്ടെന്നും ഓര്‍ക്കണം. ഇതിനുപുറമേ നിരന്തരമായ ആന്തരികമൂല്യനിര്‍ണയവുമുണ്ട്‌. ഇവിടെയും പരീക്ഷകളും സെമിനാറും പ്രോജക്ടുകളുമൊക്കെയാണ്‌ വരിക.

ഇതിനൊക്കെ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും സമയം കണ്ടെത്തണം. വിദ്യാര്‍ഥി അധ്യാപക അനുപാതം മുപ്പതിന്‌ ഒന്ന്‌ എന്നായാല്‍പ്പോലും വളരെ വിഷമകരമാണ്‌ ഇതൊക്കെ ചെയ്‌തുതീര്‍ക്കാന്‍. അങ്ങനെയിരിക്കെ ആവശ്യത്തിന്‌ അധ്യാപകരില്ലാതെയും മറ്റു സൗകര്യങ്ങളില്ലാതെയും ക്ലാസ്സില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുകയും ചെയ്‌താലുള്ള സ്ഥിതിയോ? പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന നല്ലൊരു സാഹചര്യത്തില്‍, സകലവിധത്തിലുള്ള അധ്യയന അധ്യയനേതര സൗകര്യങ്ങള്‍ സൃഷ്‌ടിച്ച്‌ യാതൊരു തകരാറുമില്ലാത്ത എണ്ണയിട്ടു പ്രവൃത്തിക്കുന്ന യന്ത്രംപോലെ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും (സര്‍ക്കാറും) ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പരിഷ്‌കാരങ്ങള്‍കൊണ്ട്‌ പ്രതീക്ഷിക്കുന്ന ഫലംവരൂ.

പൊതുപാഠ്യപദ്ധതി ഗുണമാവും എന്ന്‌ പറയുമ്പോഴും ഏറ്റവും വിചിത്രമായി പറഞ്ഞുവെക്കുന്ന മറ്റൊരു കാര്യം നമ്മുടെ മാതൃഭാഷാപഠനത്തെക്കുറിച്ചാണ്‌. ലേഖകന്‍ പറയുന്നു: 'ഭാഷാപഠനത്തെ സാഹിത്യപഠനം മാത്രമായി ചുരുക്കിക്കാണാതെ ഭാഷയിലെ അറിവും ഉപയോഗവുമായി പരിചയപ്പെടാന്‍ അവസരം ഒരുക്കിയിരിക്കുന്നു''. ഇതിനര്‍ഥം ഭാഷയിലെ അറിവും ഉപയോഗവുമായുള്ള പരിചയപ്പെടലിന്‌ സാഹിത്യപഠനം ഉപകരിക്കില്ല എന്നല്ലേ? സാഹിത്യത്തിനെതിരെ ഇത്രമേല്‍ അപഹാസ്യമായ ഒരാരോപണം ഉണ്ടായിട്ടും സാഹിത്യകാരന്മാരാരുംതന്നെ ഒന്നും പ്രതികരിച്ചുകണ്ടില്ല. ഒരുവേള ഈ വര്‍ഷത്തെ നല്ല തമാശയായി അവര്‍ ഇതിനെ കണക്കാക്കിയിരിക്കാം. ഭാഷയിലെ അറിവും ഉപയോഗവും പിറന്നുവീഴുന്നതുമുതല്‍ മനുഷ്യര്‍ മനസ്സിലാക്കിത്തുടങ്ങുന്നതാണ്‌. 'കരയുക' എന്ന ഭാഷയുടെ അറിവുള്ളതുകൊണ്ടാണ്‌ വിശക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ കരയുന്നതും വിശപ്പിനുള്ള വക തേടുന്നതും.

ഭാഷയിലെ അറിവും ഉപയോഗവുംപഠിക്കുന്നതും പഠിക്കേണ്ടതും ക്ലാസ്‌മുറികളില്‍നിന്നല്ല. പുറംലോകത്തുനിന്നാണ്‌. പഠിച്ചിട്ടില്ലാത്തവര്‍ക്ക്‌ ഭാഷയില്‍ അറിവും ഉപയോഗവും ഒന്നും അറിയില്ലെന്നുവരുമോ? പുതിയ സമ്പ്രദായത്തെ സമഗ്രമായി വിലയിരുത്തിയാല്‍ സാഹിത്യപഠനത്തില്‍ താത്‌പര്യമുള്ളവര്‍ക്ക്‌ സന്ദര്‍ഭം ലഭിക്കുമെന്നും പറയുന്നു. ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്‌ ''പുത്തന്‍കോഴ്‌സുകളിലൂടെ ഭാഷാപഠനം നിര്‍ബന്ധമാക്കിയിരിക്കുന്നു'വെന്നതാണ്‌. അതേസമയം ലേഖനത്തില്‍ മറ്റൊരിടത്ത്‌ ഭാഷാപഠനത്തെ സാഹിത്യപഠനം മാത്രമായി കാണരുതെന്നും നിഷ്‌കര്‍ഷിക്കുന്നു. സര്‍ക്കസിലെ ട്രപ്പീസ്‌ കളിക്കാരെപ്പോലും തോല്‌പിക്കുന്ന കളിയല്ലാതെ മറ്റെന്താണിത്‌? വരട്ടുവാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അല്‌പമെങ്കിലും വെള്ളം ചേര്‍ക്കണം. അല്ലെങ്കില്‍ അത്‌ ഒന്നുചേര്‍ന്നിരിക്കില്ല. ശിഥിലമായിപ്പോകും.

വാദത്തിന്‌ ഇതംഗീകരിക്കാമെന്നുതന്നെയിരിക്കട്ടെ. ഐച്ഛിക വിഷയമായിട്ടല്ലാതെ അനുപൂരക വിഷയമായിട്ടോ ഓപ്പണ്‍ കോഴ്‌സായിട്ടോ പൊതുകോഴ്‌സായിട്ടോ മലയാളവും പഠിക്കാനുണ്ടെന്നു കരുതുക. ഈ കാറ്റഗറിയില്‍ വരുന്ന മലയാളപഠനം എത്ര സെമസ്റ്ററുകളിലുണ്ടാവും? ഒന്നിലധികം ഉണ്ടാവാനിടയില്ല. അല്ല, ഇനി രണ്ട്‌ സെമസ്റ്ററുകളില്‍ ഉണ്ടെന്നുതന്നെ കരുതുക. ഈ സെമസ്റ്ററുകളില്‍ പഠിപ്പിക്കുക മലയാളത്തിന്റെ പ്രായോഗിക വിജ്ഞാനത്തിനായുള്ള സാങ്കേതിക പുസ്‌തകങ്ങളോ മൗലിക സര്‍ഗരചനകളോ? അതോ രണ്ടുംകൂടിയോ? അതെന്തോ ആവട്ടെ. ഡിഗ്രി തലത്തില്‍ ഒന്നോ രണ്ടോ സെമസ്റ്ററുകളില്‍ ഏതെങ്കിലും ഒരു കോഴ്‌സിന്റെ ഭാഗമായിമാത്രം മലയാളം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ എം.എ.യ്‌ക്ക്‌ മലയാളം ഐച്ഛികമായി പഠിക്കാനാവുമോ? അതിനായാല്‍ത്തന്നെ ബി.എ. തലത്തില്‍ മലയാളം ഐച്ഛികമായി പഠിച്ചശേഷം എം.എ.യ്‌ക്ക്‌ എത്തുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ഇക്കൂട്ടര്‍ക്കും എത്തിപ്പെടാനാവുമോ? ഒരു രീതിയില്‍ അല്‌പമാത്രമായി നിലനില്‍ക്കുന്ന മലയാള പഠനത്തിന്റെ കടയ്‌ക്കല്‍കത്തിവെക്കലാണിത്‌. അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്നു കരുതാം.

ഇവിടെയാണ്‌ തൊട്ടടുത്ത തമിഴിനെ മാതൃകയാക്കേണ്ടത്‌. പുതിയ സമ്പ്രദായങ്ങള്‍ എന്തൊക്കെ കൊണ്ടുവന്നാലും ശരി തമിഴില്‍തൊട്ടുള്ള കളിയില്ല. എന്നുമാത്രമല്ല, പരിഷ്‌കാരത്തിന്റെ പേരില്‍ മാതൃഭാഷയ്‌ക്കാവും പ്രഥമ പരിഗണനയും. ക്ലാസിലിരിക്കുന്ന ഇംഗ്ലണ്ടില്‍നിന്നെത്തിയ വെളുത്തവരും നൈജീരിയയില്‍നിന്നെത്തിയ കറുത്തവരും തമിഴകത്ത്‌ പഠിക്കണമെങ്കില്‍ തമിഴ്‌ പഠിച്ചിരിക്കണം. അതും പാഠ്യപദ്ധതിയുടെ ഭാഗമായി. പക്ഷേ, നമ്മുടെ നാട്ടിലെ സ്ഥിതിയോ? മലയാളം പഠിക്കാതെതന്നെ എത്രത്തോളം വേണമെങ്കിലും കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കാനാവും. ഈയൊരു സ്ഥിതിവിശേഷം നിലവിലിരിക്കുമ്പോഴാണ്‌ സാഹിത്യപഠനം വേണ്ട, പ്രായോഗിക ഭാഷാപഠനം മാത്രം മതിയെന്ന പരിഷ്‌കാരം കൊണ്ടുവരുന്നത്‌. സാഹിത്യമില്ലാത്ത ഭാഷയും ഭാഷയില്ലാത്ത പഠനവുമൊക്കെയായി നമുക്ക്‌ 'മലയാല'ത്തെ കെട്ടുകെട്ടിക്കാം.

ഉത്‌പാദനമോ ഉത്‌പന്നങ്ങളോ സ്വന്തമില്ലാത്ത ഒരു ഉപഭോക്‌തൃ സംസ്ഥാനമാണ്‌ നമ്മുടേത്‌. വ്യവസായങ്ങളില്ല. വ്യാപകമായ കൃഷിയോ കൃഷിയിടങ്ങളോ ഇല്ല. മറ്റു തൊഴില്‍ മേഖലകളില്ല. ഇവയില്‍ അല്‌പമായെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവയും മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. അന്യരുടെ വലിയൊരു കമ്പോളമാണിന്ന്‌ കേരളം. ഒരു ആവാസഭൂമി എന്നതിലുപരി തൊഴില്‍ സാധ്യതകള്‍ തുലോം വിരളം. ശരാശരി അഭ്യസ്‌തവിദ്യര്‍ക്കുള്ള ഇന്നത്തെ തൊഴിലെന്നത്‌ സര്‍ക്കാര്‍ ഓഫീസുകളിലെ ഗുമസ്‌തപ്പണിയാണ്‌. മറ്റേതെങ്കിലും മികച്ച ജോലി വേണമെങ്കില്‍ പുറംനാടുകളിലേക്ക്‌ പോകേണ്ടിവരും. ഈയൊരു പരിതസ്ഥിതിയില്‍ പരിഷ്‌കരിച്ച പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാഭ്യാസം നേടുന്നവരെ അവരുടെ യോഗ്യതയ്‌ക്ക്‌ അനുസൃതമായി നമ്മുടെ സംസ്ഥാനത്തില്‍ എനത്രകാലം എത്രത്തോളം ഉപയോഗപ്പെടുത്താനാവും എന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും.

സംസ്ഥാനത്തിന്‌ ആവശ്യമായ, പൊതുസമൂഹം ആവശ്യപ്പെടുന്ന സേവനം എന്താണെന്ന്‌ മനസ്സിലാക്കി അത്‌ ലഭ്യമാകുന്ന തരത്തില്‍ യുവമാനവവിഭവശേഷിയെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും വേണം. അതെന്താണെന്നും അതിനുള്ള മാര്‍ഗം എന്താണെന്നും ദീര്‍ഘദൃഷ്‌ടിയോടെ മനസ്സിലാക്കുകയും അതിന്‌ അനുസൃതമായ പാഠങ്ങളും പാഠ്യപദ്ധതിയുമായി മുന്നോട്ടു പോവുകയും വേണം.

ഇത്രയും സൂചിപ്പിച്ചത്‌ സെമസ്റ്ററും ഗ്രേഡിങ്ങും ക്രെഡിറ്റ്‌ സിസ്റ്റവും ഒന്നും നമുക്ക്‌ വേണ്ടെന്ന്‌ സമര്‍ഥിക്കാനല്ല. തീര്‍ച്ചയായും വേണം. അതും കഴിവതും വേഗത്തിലുമാവണം. പക്ഷേ, വിത്തിടുന്നതിനുമുമ്പ്‌ ശരിയായി കളമൊരുക്കുക എന്നുമാത്രം. ഒരുക്കാന്‍ ഒരു കളമില്ലാത്ത രീതിയില്‍ നമ്മുടെ വിദ്യാഭ്യാസരംഗം കുളംകോരിയിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ അതിനാവുമോ എന്ന്‌ കണ്ടറിയണം. അതിനായില്ലെങ്കില്‍ തൊട്ട അയല്‍സംസ്ഥാനങ്ങളിലെ കലാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ചാകരയുടെ സമൃദ്ധിയായിരിക്കും