സംസ്ഥാനത്തിന് ആവശ്യമായ, പൊതുസമൂഹം ആവശ്യപ്പെടുന്ന സേവനം എന്താണെന്ന് മനസ്സിലാക്കി അത് ലഭ്യമാകുന്ന തരത്തില്‍ യുവമാനവവിഭവശേഷിയെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും വേണം. അതെന്താണെന്നും അതിനുള്ള മാര്‍ഗം എന്താണെന്നും ദീര്‍ഘദൃഷ്‌ടിയോടെ മനസ്സിലാക്കുകയും അതിന് അനുസൃതമായ പാഠങ്ങളും പാഠ്യപദ്ധതിയുമായി മുന്നോട്ടു പോവുകയും വേണം.
ഡോ.ജി.പ്രഭ
(പ്രൊഫസര്‍, ലയോള കോളജ്, ചെന്നൈ)
ഈ വേനലവധിക്ക് നാട്ടില്‍ പോയി സാധാരണയെന്നോണം തലസ്ഥാനനഗരിയിലൂടെ യാത്ര ചെയ്യേണ്ടിവന്നു; പല പ്രാവശ്യം. ഒരു ദിവസം ബസ്സില്‍ പാളയംവഴി പോകുമ്പോള്‍ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ ഭൂഗര്‍ഭപാത (സബ്‌വേ) കണ്ടിട്ട് സുഹൃത്തിനോടു പറയുന്നുണ്ടായിരുന്നു, ''ഏഷ്യയിലെ ഏറ്റവും വലിയ സബ്‌വേയാ ഇത്.'' സുഹൃത്തുക്കള്‍ തമ്മിലുള്ള തമാശപറച്ചിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അങ്ങനെയായിരുന്നില്ല. ഞാന്‍ ആ യാത്രക്കാരനെ വിസ്‌മയത്തോടെ നോക്കി. എന്നിട്ടു ചോദിച്ചു: ''ഇങ്ങനെ ആരാ പറഞ്ഞത്?''
''ഈ റോഡ് ഉദ്‌ഘാടനം ചെയ്‌തപ്പോ പ്രസംഗിച്ച നേതാക്കളൊക്കെ അങ്ങനെയാ പറഞ്ഞത്''-ഇതായിരുന്നു അയാളുടെ മറുപടി.
നേതാക്കളായാലും അല്ലേലും ആരോ അങ്ങനെ പറഞ്ഞു. അതാണ് ശരിയെന്ന് പാവം ആ നാട്ടുകാരന്‍ വിശ്വസിച്ചു. ആര്‍ക്കും ദോഷമില്ല. പാവം ജനങ്ങളെ നിര്‍ദോഷകരമായ ഒരു പറ്റിക്കല്‍! ഇതുപോലൊരു പറ്റിക്കലല്ലേ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍ 'മാതൃഭൂമി'യിലെഴുതിയ ലേഖനവും എന്നു തോന്നിപ്പോയി, പല കാര്യങ്ങളിലും.
ലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്: ''കേരളത്തിലെ എല്ലാ സര്‍വകലാശാലകളും ഈ വര്‍ഷം കോഴ്‌സ് ക്രെഡിറ്റ് സമ്പ്രദായവും സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും ഡിഗ്രിതലത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.... ഈ പരിഷ്‌കാരം ആദ്യമായി നടപ്പാക്കുന്നത് ഒരുപക്ഷേ, കേരളത്തിലായിരിക്കും.''
തൊട്ടടുത്ത ഖണ്ഡികയില്‍ ഇങ്ങനെയും പറയുന്നു: ''കോഴ്‌സ് ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും പുതിയ ആശയങ്ങളല്ല. പാശ്ചാത്യരാജ്യങ്ങളില്‍ പരക്കെ പ്രചാരമുള്ളതും ഇന്ത്യയില്‍ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കിവരുന്നതുമാണ്.''
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കിവരുന്നതാണ് ഈ പരിഷ്‌കാരമെന്നു പറയുകയും അതോടൊപ്പം കേരളമായിരിക്കും ആദ്യമായി നടപ്പാക്കുന്നത് എന്ന് അവകാശവാദമുന്നയിക്കുകയും ചെയ്യുന്നതിലെ ആശയവൈരുധ്യം നമുക്കു മറക്കാം. പാളയത്തെ സബ്‌വേയാണ് ഏഷ്യയിലെ ഏറ്റവും വലിയ സബ്‌വേ എന്നു സമ്മതിക്കുന്നതുകൊണ്ട് ആര്‍ക്കും ദോഷമൊന്നുമില്ലല്ലോ!
പക്ഷേ, യാഥാര്‍ഥ്യം അതല്ല. സെമസ്റ്റര്‍ സിസ്റ്റവും ഗ്രേഡിങ്ങും ക്രെഡിറ്റുമെല്ലാം എത്രയോ കാലം മുന്‍പുതന്നെ ഇന്ത്യയിലെന്നല്ല, കേരളത്തിന്റെതന്നെ തൊട്ടടുത്ത സംസ്ഥാനങ്ങളിലെ സാധാരണ കോളേജുകളില്‍പ്പോലും വളരെ മികച്ച രീതിയില്‍ നടപ്പാക്കിയിരിക്കുന്നു. ഇതിനൊരു ഉദാഹരണമാണ് ചെന്നൈ ലയോള കോളേജിലെ പഠന - പാഠ്യപദ്ധതികള്‍. ഇപ്പോള്‍ ഇതിനപ്പുറം എന്തൊക്കെയാവാം എന്ന ചര്‍ച്ചയിലും വിശകലനത്തിലുമാണ് കോളേജ് ഫാക്കല്‍റ്റിയും മാനേജ്‌മെന്റും വിദ്യാര്‍ഥികളും രക്ഷിതാക്കളും തൊഴില്‍ദാതാക്കളും പൂര്‍വവിദ്യാര്‍ഥികളും. ഇവരെല്ലാമടങ്ങിയ പ്രത്യേക കൂട്ടായ്‌മ (സമിതി)യുടെ നിരന്തരചര്‍ച്ചകളിലൂടെയാണ് ഇവിടെ വിദ്യാഭ്യാസപരിഷ്‌കരണങ്ങളെല്ലാം ഉരുത്തിരിയുന്നത്.
പരിഷ്‌കാരത്തിനുവേണ്ടിയുള്ള പരിഷ്‌കാരമല്ല ഇവിടെ നടക്കുന്നത്. വിദ്യാഭ്യാസ പരിഷ്‌കരണമെന്നത് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലൂടെയോ മറ്റേതെങ്കിലും രാഷ്ട്രീയസമിതിയിലൂടെയോ ഉണ്ടാകുന്നതല്ല. നിരന്തരമായ പ്രക്രിയയാണ് വിദ്യാഭ്യാസപരിഷ്‌കാരം. കലാലയങ്ങള്‍ക്കുള്ളിലെ ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസരിച്ചല്ല പരിഷ്‌കാരങ്ങള്‍ ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും. മറിച്ച് കാലഘട്ടവും ബാഹ്യസമൂഹവും ആവശ്യപ്പെടുന്നതിനനുസരിച്ചാണ് വിദ്യാഭ്യാസമേഖലയില്‍ മാറ്റങ്ങളുണ്ടാവേണ്ടത്. അവിടെ രാഷ്ട്രീയഇടപെടലുകള്‍ക്ക് സ്ഥാനമില്ല. പകരം സമൂഹനന്മയ്‌ക്കും പുരോഗതിക്കും മാത്രമേ സ്ഥാനമുള്ളൂ. പക്ഷേ, നമ്മുടെ സ്ഥിതി ഇതിനു വിപരീതമാണല്ലോ.
രാഷ്ട്രം ആവശ്യപ്പെടുന്ന രീതിയില്‍ യുവമാനവവിഭവശേഷിയെ പഠിപ്പിച്ചും പരിശീലിപ്പിച്ചും വാര്‍ത്തെടുക്കുന്ന തൊഴില്‍ശാലകളാണ് കലാലയങ്ങള്‍. അങ്ങനെയല്ലെങ്കില്‍ അഭ്യസ്‌തവിദ്യരായ തൊഴില്‍രഹിതരെന്ന ഉത്‌പന്നത്തെ മാത്രമേ കലാലയങ്ങളായ തൊഴില്‍ശാലകള്‍ക്ക് ഉത്‌പാദിപ്പിക്കാനാവൂ.
ഒരു ഉദാഹരണം: ഹുണ്ടായ് കമ്പനിയുടെ ഒരു നിര്‍മാണശാല ചെന്നൈയ്‌ക്കടുത്ത് പ്രവര്‍ത്തനമാരംഭിച്ചു. ആ കമ്പനിക്ക് ഒട്ടേറെ ജോലിക്കാരെ (പലതരത്തിലും തലത്തിലുമുള്ള) ആവശ്യമായിവന്നു. അടിസ്ഥാനപരിജ്ഞാനമെങ്കിലും ഇല്ലാത്തവരെ കമ്പനിക്ക് ആവശ്യമില്ല. കമ്പനി നഗരത്തിലെ മികച്ച കോളേജുകളെ സമീപിച്ചു. അവരുടെ ആവശ്യം അധികൃതരെ അറിയിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ ചില പ്രത്യേക വിഷയങ്ങളില്‍ സാങ്കേതികജ്ഞാനം നേടാനാവുന്നവര്‍ക്കു കമ്പനി ജോലി നല്‍കുമെന്ന് കരാറുണ്ടാക്കുന്നു. അവര്‍ക്കാവശ്യമുള്ള അടിസ്ഥാനവിജ്ഞാനത്തെക്കുറിച്ച് കോളേജ് ഫാക്കല്‍റ്റിയുമായി ചര്‍ച്ച നടക്കുന്നു. അതുവഴി പാഠങ്ങളും പാഠ്യപദ്ധതികളും തയ്യാറാവുന്നു. ഇതു പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വേണ്ടതായ ഇതര സാങ്കേതികസൗകര്യങ്ങളെക്കുറിച്ചും കമ്പനി ഉറപ്പുവരുത്തുന്നു. ആവശ്യമെങ്കില്‍ കോളേജിന് മുന്‍കൂട്ടി ഫണ്ടും അനുവദിക്കുന്നു.
ഇത്തരത്തിലുള്ള സമ്മര്‍ദവും തൊഴില്‍സാധ്യതകളുമാണ് പുതിയ കോഴ്‌സുകള്‍ക്ക് വഴിയൊരുക്കുന്നത്. ചെറിയൊരു ഉദാഹരണം മാത്രമാണിത്. എല്ലായിടത്തും ഇതു സാധിച്ചെന്നുവരില്ല. പക്ഷേ, കാലവും പ്രദേശവും സാഹചര്യവുമൊക്കെ ആവശ്യപ്പെടുന്നതനുസരിച്ച് മറ്റു രൂപങ്ങളില്‍ ചെറുതായിട്ടാണെങ്കില്‍പ്പോലും ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇതൊന്നും നടക്കില്ലെന്ന് ഉറപ്പാണ്.
വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്താനുതകുന്ന ഒരു തൊഴില്‍സാഹചര്യം കേരളത്തിനുണ്ടോ? ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും ഇത്തരമൊരു സാഹചര്യം വളര്‍ത്തിയെടുക്കാനാവുമായിരുന്നത് ഇടതുപക്ഷത്തെ മനം മറന്ന് സ്വീകരിച്ച കേരളത്തിനായിരുന്നു. പക്ഷേ, ദീര്‍ഘവീക്ഷണമില്ലായ്‌മയും സങ്കുചിതമായ രാഷ്ട്രീയലാക്കും ജാതിമത വിലപേശലുകള്‍ക്ക് അടിമപ്പെട്ട ആന്ധ്യവും കാരണം ഇടതുപക്ഷവും വലതുപക്ഷവും ഇത്തരമൊരു വിദ്യാഭ്യാസസാഹചര്യത്തെ കുളിപ്പിച്ച് ചുവപ്പുപട്ടണിയിച്ചു. എന്തിന് സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തില്‍പ്പോലും താത്‌കാലികമായെത്തുന്ന ഉന്നത കൗണ്‍സിലുകള്‍ കത്തിവെക്കുന്നു. അതും സഹിച്ച് വൈസ് ചാന്‍സലര്‍മാര്‍പോലും മിണ്ടാതിരിക്കുന്നു!
പുതിയ പരിഷ്‌കാരം വരുന്നതോടെ 30 മുതല്‍ 40 വരെ കോഴ്‌സുകള്‍ ആറ് സെമസ്റ്ററുകളിലായി പഠിക്കാന്‍ അവസരം കിട്ടുമെന്ന് വൈസ്‌ചെയര്‍മാന്‍ പറയുന്നു. പുതിയ പരിഷ്‌കാരം വിദ്യാര്‍ഥികളുടെ പഠനചക്രവാളം വിപുലപ്പെടുത്തുമെന്നത് നല്ലകാര്യം. പക്ഷേ, ഇത്തരം കോഴ്‌സുകളിലൂടെ വിദ്യാര്‍ഥികള്‍ ആര്‍ജിക്കുന്ന വിഭവശേഷിയെ ശരിയായ രീതിയില്‍ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുമോ? അതിനുള്ള മേഖലകള്‍ കേരളമെന്ന കൊച്ച് ആവാസഭൂമിയില്‍ ഉണ്ടോ? തൊഴില്‍ മേഖലയേയില്ലാത്ത കാര്‍ഷികാഭിവൃദ്ധിക്കിടമില്ലാത്ത ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരാവാസകേന്ദ്രമായ കേരളം തൊഴില്‍കൊണ്ടല്ലെങ്കിലും പുതിയ പുതിയ കോഴ്‌സുകളിലൂടെയും അത് പഠിച്ചിറങ്ങുന്ന തൊഴില്‍രഹിതരിലൂടെയും സമ്പന്നമാകട്ടെ.
മറ്റൊരു കാര്യവും ഇവിടെ പ്രസക്തമാണ്. 30 മുതല്‍ 40 വരെ കോഴ്‌സുകള്‍ ആറ് സെമസ്റ്ററുകള്‍കൊണ്ട് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഉണ്ടാകുമെന്നാണല്ലോ പറയുന്നത്. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്നത് വളരെ നല്ലകാര്യംതന്നെ. പക്ഷേ, കേരളത്തിലെ ഏത് കോളേജിനാണ് ഇത്തരം വൈവിധ്യമേറിയ കോഴ്‌സുകള്‍ ഫലപ്രദമായി നടപ്പിലാക്കാനാവുക? ഏതെങ്കിലും ഒരു കോളേജിനെങ്കിലും ഇതിനുവേണ്ട അധ്യാപകരോ അധ്യാപകേതര സൗകര്യങ്ങളോ ഉണ്ടോ? വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാതൃവിഭാഗങ്ങളുണ്ടോ?
ഏതാണ്ട് രണ്ടുഡസനിലധികം ശക്തമായ കോര്‍ സബ്‌ജക്ട് ഡിപ്പാര്‍ട്ടുമെന്റുകളുള്ള ലയോള (ചെന്നൈ) പോലുള്ള സ്ഥാപനങ്ങള്‍പോലും ഇക്കാര്യത്തില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. (എല്ലാ കാര്യങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജാണ് ലയോളയെന്ന് ഓര്‍ക്കണം) ഇതിനും ലേഖകന്‍ പോംവഴി പറയുന്നുണ്ട്-''എല്ലാ ഭൗതികസൗകര്യങ്ങളും ഒത്തിണങ്ങിയശേഷം മാത്രം പരിഷ്‌കാരം നടപ്പാക്കാമെന്ന് വാശിപിടിച്ചാല്‍ പരിഷ്‌കാരം ഒരിക്കലും നടപ്പാക്കാന്‍ സാധിച്ചുവെന്നുവരില്ല''-ഇതും ശരിയാണ്. പക്ഷേ, 30ഉം 40ഉം കോഴ്‌സുകളുണ്ടാക്കുകയും (അതും ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയോ അക്കാദമിക് കൗണ്‍സിലിന്റെയോ അറിവില്ലാതെ!) വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പഠിക്കാന്‍ അനുവദിക്കുകയും ചെയ്‌തിട്ട് പഠിപ്പിക്കാന്‍ അധ്യാപകരും മറ്റു സൗകര്യങ്ങളും ഇല്ലെന്നായാല്‍ പരിഷ്‌കാരം നടപ്പിലാവുമോ അതോ നടക്കാതാവുമോ? ഇത് വിദ്യാര്‍ഥികളോടും സമൂഹത്തോടും ചെയ്യുന്ന കടുത്ത അനീതിയല്ലേ? മിക്കവിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ പരിണതിയും ഇത്തരത്തില്‍ പ്രതിലോമമായിരുന്നില്ലേ?
അഥവാ ഇപ്പോഴുള്ള സൗകര്യങ്ങള്‍വെച്ച് ഈ പരിഷ്‌കാരങ്ങളൊക്കെ ആവാമെന്ന് കരുതുക. ഇപ്പോഴുള്ള അധ്യാപകരുടെ ജോലിഭാരം ഗണ്യമായി കൂടും. അധ്യാപനത്തിലുപരി അധ്യാപനേതര ജോലികളും ധാരാളമുണ്ടാവും. കോഴ്‌സുകളുടെ എണ്ണം കൂടുമ്പോള്‍ പരീക്ഷകളുടെ എണ്ണവും കൂടുന്നു. കൃത്യമായ ചോദ്യാവലി ഉണ്ടാക്കുക, പരീക്ഷ നടത്തുക, മൂല്യനിര്‍ണയം ചെയ്യുക എന്നിങ്ങനെ പല ജോലികളും. പഴയ വര്‍ഷാന്ത്യപ്പരീക്ഷയ്‌ക്കുപകരം ഓരോ സെമസ്റ്ററിലും പരീക്ഷയുണ്ടെന്നും ഓര്‍ക്കണം. ഇതിനുപുറമേ നിരന്തരമായ ആന്തരികമൂല്യനിര്‍ണയവുമുണ്ട്. ഇവിടെയും പരീക്ഷകളും സെമിനാറും പ്രോജക്ടുകളുമൊക്കെയാണ് വരിക.
ഇതിനൊക്കെ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും സമയം കണ്ടെത്തണം. വിദ്യാര്‍ഥി അധ്യാപക അനുപാതം മുപ്പതിന് ഒന്ന് എന്നായാല്‍പ്പോലും വളരെ വിഷമകരമാണ് ഇതൊക്കെ ചെയ്‌തുതീര്‍ക്കാന്‍. അങ്ങനെയിരിക്കെ ആവശ്യത്തിന് അധ്യാപകരില്ലാതെയും മറ്റു സൗകര്യങ്ങളില്ലാതെയും ക്ലാസ്സില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുകയും ചെയ്‌താലുള്ള സ്ഥിതിയോ? പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന നല്ലൊരു സാഹചര്യത്തില്‍, സകലവിധത്തിലുള്ള അധ്യയന അധ്യയനേതര സൗകര്യങ്ങള്‍ സൃഷ്‌ടിച്ച് യാതൊരു തകരാറുമില്ലാത്ത എണ്ണയിട്ടു പ്രവൃത്തിക്കുന്ന യന്ത്രംപോലെ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും (സര്‍ക്കാറും) ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പരിഷ്‌കാരങ്ങള്‍കൊണ്ട് പ്രതീക്ഷിക്കുന്ന ഫലംവരൂ.
പൊതുപാഠ്യപദ്ധതി ഗുണമാവും എന്ന് പറയുമ്പോഴും ഏറ്റവും വിചിത്രമായി പറഞ്ഞുവെക്കുന്ന മറ്റൊരു കാര്യം നമ്മുടെ മാതൃഭാഷാപഠനത്തെക്കുറിച്ചാണ്. ലേഖകന്‍ പറയുന്നു: 'ഭാഷാപഠനത്തെ സാഹിത്യപഠനം മാത്രമായി ചുരുക്കിക്കാണാതെ ഭാഷയിലെ അറിവും ഉപയോഗവുമായി പരിചയപ്പെടാന്‍ അവസരം ഒരുക്കിയിരിക്കുന്നു''. ഇതിനര്‍ഥം ഭാഷയിലെ അറിവും ഉപയോഗവുമായുള്ള പരിചയപ്പെടലിന് സാഹിത്യപഠനം ഉപകരിക്കില്ല എന്നല്ലേ? സാഹിത്യത്തിനെതിരെ ഇത്രമേല്‍ അപഹാസ്യമായ ഒരാരോപണം ഉണ്ടായിട്ടും സാഹിത്യകാരന്മാരാരുംതന്നെ ഒന്നും പ്രതികരിച്ചുകണ്ടില്ല. ഒരുവേള ഈ വര്‍ഷത്തെ നല്ല തമാശയായി അവര്‍ ഇതിനെ കണക്കാക്കിയിരിക്കാം. ഭാഷയിലെ അറിവും ഉപയോഗവും പിറന്നുവീഴുന്നതുമുതല്‍ മനുഷ്യര്‍ മനസ്സിലാക്കിത്തുടങ്ങുന്നതാണ്. 'കരയുക' എന്ന ഭാഷയുടെ അറിവുള്ളതുകൊണ്ടാണ് വിശക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ കരയുന്നതും വിശപ്പിനുള്ള വക തേടുന്നതും.
ഭാഷയിലെ അറിവും ഉപയോഗവുംപഠിക്കുന്നതും പഠിക്കേണ്ടതും ക്ലാസ്‌മുറികളില്‍നിന്നല്ല. പുറംലോകത്തുനിന്നാണ്. പഠിച്ചിട്ടില്ലാത്തവര്‍ക്ക് ഭാഷയില്‍ അറിവും ഉപയോഗവും ഒന്നും അറിയില്ലെന്നുവരുമോ? പുതിയ സമ്പ്രദായത്തെ സമഗ്രമായി വിലയിരുത്തിയാല്‍ സാഹിത്യപഠനത്തില്‍ താത്‌പര്യമുള്ളവര്‍ക്ക് സന്ദര്‍ഭം ലഭിക്കുമെന്നും പറയുന്നു. ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ''പുത്തന്‍കോഴ്‌സുകളിലൂടെ ഭാഷാപഠനം നിര്‍ബന്ധമാക്കിയിരിക്കുന്നു'വെന്നതാണ്. അതേസമയം ലേഖനത്തില്‍ മറ്റൊരിടത്ത് ഭാഷാപഠനത്തെ സാഹിത്യപഠനം മാത്രമായി കാണരുതെന്നും നിഷ്‌കര്‍ഷിക്കുന്നു. സര്‍ക്കസിലെ ട്രപ്പീസ് കളിക്കാരെപ്പോലും തോല്‌പിക്കുന്ന കളിയല്ലാതെ മറ്റെന്താണിത്? വരട്ടുവാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അല്‌പമെങ്കിലും വെള്ളം ചേര്‍ക്കണം. അല്ലെങ്കില്‍ അത് ഒന്നുചേര്‍ന്നിരിക്കില്ല. ശിഥിലമായിപ്പോകും.
വാദത്തിന് ഇതംഗീകരിക്കാമെന്നുതന്നെയിരിക്കട്ടെ. ഐച്ഛിക വിഷയമായിട്ടല്ലാതെ അനുപൂരക വിഷയമായിട്ടോ ഓപ്പണ്‍ കോഴ്‌സായിട്ടോ പൊതുകോഴ്‌സായിട്ടോ മലയാളവും പഠിക്കാനുണ്ടെന്നു കരുതുക. ഈ കാറ്റഗറിയില്‍ വരുന്ന മലയാളപഠനം എത്ര സെമസ്റ്ററുകളിലുണ്ടാവും? ഒന്നിലധികം ഉണ്ടാവാനിടയില്ല. അല്ല, ഇനി രണ്ട് സെമസ്റ്ററുകളില്‍ ഉണ്ടെന്നുതന്നെ കരുതുക. ഈ സെമസ്റ്ററുകളില്‍ പഠിപ്പിക്കുക മലയാളത്തിന്റെ പ്രായോഗിക വിജ്ഞാനത്തിനായുള്ള സാങ്കേതിക പുസ്‌തകങ്ങളോ മൗലിക സര്‍ഗരചനകളോ? അതോ രണ്ടുംകൂടിയോ? അതെന്തോ ആവട്ടെ. ഡിഗ്രി തലത്തില്‍ ഒന്നോ രണ്ടോ സെമസ്റ്ററുകളില്‍ ഏതെങ്കിലും ഒരു കോഴ്‌സിന്റെ ഭാഗമായിമാത്രം മലയാളം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എം.എ.യ്‌ക്ക് മലയാളം ഐച്ഛികമായി പഠിക്കാനാവുമോ? അതിനായാല്‍ത്തന്നെ ബി.എ. തലത്തില്‍ മലയാളം ഐച്ഛികമായി പഠിച്ചശേഷം എം.എ.യ്‌ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം ഇക്കൂട്ടര്‍ക്കും എത്തിപ്പെടാനാവുമോ? ഒരു രീതിയില്‍ അല്‌പമാത്രമായി നിലനില്‍ക്കുന്ന മലയാള പഠനത്തിന്റെ കടയ്‌ക്കല്‍കത്തിവെക്കലാണിത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്നു കരുതാം.
ഇവിടെയാണ് തൊട്ടടുത്ത തമിഴിനെ മാതൃകയാക്കേണ്ടത്. പുതിയ സമ്പ്രദായങ്ങള്‍ എന്തൊക്കെ കൊണ്ടുവന്നാലും ശരി തമിഴില്‍തൊട്ടുള്ള കളിയില്ല. എന്നുമാത്രമല്ല, പരിഷ്‌കാരത്തിന്റെ പേരില്‍ മാതൃഭാഷയ്‌ക്കാവും പ്രഥമ പരിഗണനയും. ക്ലാസിലിരിക്കുന്ന ഇംഗ്ലണ്ടില്‍നിന്നെത്തിയ വെളുത്തവരും നൈജീരിയയില്‍നിന്നെത്തിയ കറുത്തവരും തമിഴകത്ത് പഠിക്കണമെങ്കില്‍ തമിഴ് പഠിച്ചിരിക്കണം. അതും പാഠ്യപദ്ധതിയുടെ ഭാഗമായി. പക്ഷേ, നമ്മുടെ നാട്ടിലെ സ്ഥിതിയോ? മലയാളം പഠിക്കാതെതന്നെ എത്രത്തോളം വേണമെങ്കിലും കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കാനാവും. ഈയൊരു സ്ഥിതിവിശേഷം നിലവിലിരിക്കുമ്പോഴാണ് സാഹിത്യപഠനം വേണ്ട, പ്രായോഗിക ഭാഷാപഠനം മാത്രം മതിയെന്ന പരിഷ്‌കാരം കൊണ്ടുവരുന്നത്. സാഹിത്യമില്ലാത്ത ഭാഷയും ഭാഷയില്ലാത്ത പഠനവുമൊക്കെയായി നമുക്ക് 'മലയാല'ത്തെ കെട്ടുകെട്ടിക്കാം.
ഉത്‌പാദനമോ ഉത്‌പന്നങ്ങളോ സ്വന്തമില്ലാത്ത ഒരു ഉപഭോക്‌തൃ സംസ്ഥാനമാണ് നമ്മുടേത്. വ്യവസായങ്ങളില്ല. വ്യാപകമായ കൃഷിയോ കൃഷിയിടങ്ങളോ ഇല്ല. മറ്റു തൊഴില്‍ മേഖലകളില്ല. ഇവയില്‍ അല്‌പമായെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവയും മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. അന്യരുടെ വലിയൊരു കമ്പോളമാണിന്ന് കേരളം. ഒരു ആവാസഭൂമി എന്നതിലുപരി തൊഴില്‍ സാധ്യതകള്‍ തുലോം വിരളം. ശരാശരി അഭ്യസ്‌തവിദ്യര്‍ക്കുള്ള ഇന്നത്തെ തൊഴിലെന്നത് സര്‍ക്കാര്‍ ഓഫീസുകളിലെ ഗുമസ്‌തപ്പണിയാണ്. മറ്റേതെങ്കിലും മികച്ച ജോലി വേണമെങ്കില്‍ പുറംനാടുകളിലേക്ക് പോകേണ്ടിവരും. ഈയൊരു പരിതസ്ഥിതിയില്‍ പരിഷ്‌കരിച്ച പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാഭ്യാസം നേടുന്നവരെ അവരുടെ യോഗ്യതയ്‌ക്ക് അനുസൃതമായി നമ്മുടെ സംസ്ഥാനത്തില്‍ എനത്രകാലം എത്രത്തോളം ഉപയോഗപ്പെടുത്താനാവും എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
സംസ്ഥാനത്തിന് ആവശ്യമായ, പൊതുസമൂഹം ആവശ്യപ്പെടുന്ന സേവനം എന്താണെന്ന് മനസ്സിലാക്കി അത് ലഭ്യമാകുന്ന തരത്തില്‍ യുവമാനവവിഭവശേഷിയെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും വേണം. അതെന്താണെന്നും അതിനുള്ള മാര്‍ഗം എന്താണെന്നും ദീര്‍ഘദൃഷ്‌ടിയോടെ മനസ്സിലാക്കുകയും അതിന് അനുസൃതമായ പാഠങ്ങളും പാഠ്യപദ്ധതിയുമായി മുന്നോട്ടു പോവുകയും വേണം.
ഇത്രയും സൂചിപ്പിച്ചത് സെമസ്റ്ററും ഗ്രേഡിങ്ങും ക്രെഡിറ്റ് സിസ്റ്റവും ഒന്നും നമുക്ക് വേണ്ടെന്ന് സമര്‍ഥിക്കാനല്ല. തീര്‍ച്ചയായും വേണം. അതും കഴിവതും വേഗത്തിലുമാവണം. പക്ഷേ, വിത്തിടുന്നതിനുമുമ്പ് ശരിയായി കളമൊരുക്കുക എന്നുമാത്രം. ഒരുക്കാന്‍ ഒരു കളമില്ലാത്ത രീതിയില്‍ നമ്മുടെ വിദ്യാഭ്യാസരംഗം കുളംകോരിയിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ അതിനാവുമോ എന്ന് കണ്ടറിയണം. അതിനായില്ലെങ്കില്‍ തൊട്ട അയല്‍സംസ്ഥാനങ്ങളിലെ കലാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ചാകരയുടെ സമൃദ്ധിയായിരിക്കും
Subscribe to:
Post Comments (Atom)

No comments:
Post a Comment